ടാറ്റ നിരയിലെ ആദ്യ പെര്‍ഫോമെന്‍സ് മോഡലായി ടിയാഗോ JTP അടുത്ത എട്ട്‌ ആഴ്ചക്കുള്ളില്‍ നിരത്തിലെത്തുമെന്ന് കഴിഞ്ഞ ദിവസം കമ്പനി വ്യക്തമാക്കി കഴിഞ്ഞു. ഇതിന് പിന്നാലെ രാജ്യത്തെ വിവിധ ടാറ്റ  ഡീലര്‍ഷിപ്പുകള്‍ ടിയാഗോ JTP-യുടെ ഡീലര്‍ഷിപ്പ്തല ബുക്കിങ് ആരംഭിച്ചു. 10,000 രൂപ അഡ്വാന്‍സായി സ്വീകരിച്ചാണ് പ്രീ ബുക്കിങ്. 

ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ടിയാഗോ JTP പെര്‍ഫോമെന്‍സ് മോഡല്‍ ദീപാവലി ഉത്സവ സീസണില്‍ ലക്ഷ്യമിട്ടാണ് വിപണിയിലെത്തുന്നത്. ഹാച്ച്ബാക്ക് ടിയാഗോയ്ക്കൊപ്പം കോംപാക്ട് സെഡാന്‍ ടിഗോറിന്റെ JTP പെര്‍ഫോമെന്‍സ് പതിപ്പും ഡല്‍ഹി എക്സ്പോയില്‍ ടാറ്റ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ടിയാഗോ JTP മാത്രമാണ് ആദ്യമെത്തുക. 

കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയം ഓട്ടോമോട്ടീവുമായി ഒന്നിച്ചാണ് പെര്‍ഫോമെന്‍സ് കാറുകള്‍ ടാറ്റ യാഥാര്‍ഥ്യമാക്കിയത്. മുന്‍ഭാഗത്തെ ബംമ്പറിലെ വലിയ എയര്‍ ഡാം, സ്മോക്ക്ഡ് പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്, ഫോഗ് ലാമ്പ്, JTP ബാഡ്ജിങ്ങോടുകൂടിയ ബ്ലാക്ക് ഗ്രില്‍, സൈഡ് സ്‌കേര്‍ട്ട്സ്, 15 ഇഞ്ച് അലോയി വീല്‍, കളേര്‍ഡ് മിറര്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ്, ബ്ലാക്ക് റൂഫ് സ്പോയിലര്‍, ഡിഫ്യൂസര്‍, ബ്ലാക്ക് ലെതര്‍ അപ്‌ഹോള്‍സ്‌ട്രെ എന്നിവ ടിയാഗോ JTP-ക്ക്‌ സ്പോര്‍ട്ടി രൂപം നല്‍കും. 

Tiago JTP

കൂടുതല്‍ മികച്ച പെര്‍ഫോമെന്‍സ് നല്‍കുന്നതാണ് ടിയാഗോ JTP. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. 110 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കുമേക്കും എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. റഗുലര്‍ ടിയാഗോയില്‍ നിന്ന് ഗിയര്‍ അനുപാദത്തിലും JTP-ക്ക് മാറ്റമുണ്ട്. ഉയര്‍ന്ന പെര്‍ഫോമെന്‍സ് ലഭിക്കാന്‍ ഇന്‍ടേക്ക്, എക്സ്ഹോസ്റ്റ് സിസ്റ്റം പരിഷ്‌കരിച്ചു. ഇന്ത്യയിലെത്തുമ്പോള്‍ ഏകദേശം ആറ് ലക്ഷം രൂപയാകും ടിയാഗോ JTP-യുടെ എക്സ്ഷോറൂം വില. 

Content Highlights; Tata Tiago JTP Bookings Open At Dealer Level