ന്ത്യയിലെ ചെറുഹാച്ച്ബാക്ക് വാഹനങ്ങളില്‍ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മോഡലാണ് ടാറ്റയുടെ ടിയാഗോ. അടുത്തിടെ വരുത്തിയ ഡിസൈന്‍ മാറ്റങ്ങളോടെ ഈ വാഹനത്തിന് വലിയ സ്വീകാര്യതയാണ് കൈവന്നിരിക്കുന്നത്. ഇത് വീണ്ടും ഉയര്‍ത്തുന്ന ഒരു സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ പണിപ്പുരയിലാണ് ടാറ്റയെന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

ടാറ്റ ടിയാഗോ സോക്കര്‍ എഡിഷന്‍ വാഹനത്തിന്റെ ചിത്രങ്ങളാണ് ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ടീം ബിഎച്ച്പി പുറത്തുവിട്ടിരിക്കുന്നത്. റെഗുലര്‍ ടിയാഗോ മോഡലില്‍ ഗ്രാഫിക്‌സുകളും പ്രത്യേകം ബാഡ്ജിങ്ങും നല്‍കിയാണ് സോക്കര്‍ എഡിഷന്‍ ഒരുങ്ങുന്നത്. എന്നാല്‍, രൂപത്തിലും വാഹനത്തില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകളിലും മാറ്റം വരുത്താതെയാണ് ഈ പതിപ്പ് എത്തുകയെന്നാണ് സൂചന.

മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള സോക്കര്‍ എഡിഷന്‍ ടിയാഗോയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സോക്കര്‍ എഡിഷന്‍ ബാഡിജിങ്ങിനൊപ്പം ബ്ലാക്ക്, ഗ്രേ നിറങ്ങളിലുള്ള ഗ്രാഫിക്‌സാണ് ബോഡിയിലുടനീളം നല്‍കിയിട്ടുള്ളത്. റണ്ണിങ്ങ് ബോര്‍ഡ് മുതല്‍പിന്നിലെ ഡോര്‍ ഹാന്‍ഡിലിലേക്കാണ് വശങ്ങളിലെ ഗ്രാഫിക്‌സ്. സി പില്ലറിന് സമീപത്ത് നിന്ന് റൂഫിലേക്കും ബ്ലാക്ക് ഗ്രാഫിക്‌സ് നല്‍കിയിട്ടുണ്ട്. 

Tata Tiago
ടാറ്റ ടിയാഗോ സോക്കര്‍ എഡിഷന്‍ | Photo: Team BHP

നല്‍കിയിട്ടുള്ള രണ്ട് വാഹനങ്ങളിലും രണ്ട് ഡിസൈനിലുള്ള അലോയി വീലുകളാണ് നല്‍കിയിട്ടുള്ളത്. ബ്ലാക്ക് നിറത്തിലാണ് റിയര്‍ വ്യു മിറര്‍. മുന്നിലെ ബംമ്പറും സ്റ്റൈലിഷാകുന്നുണ്ട്. അതേസമയം, ഇന്റീരിയര്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റെഗുലര്‍ കാറുകള്‍ക്ക് സമാനമായി ഫാബ്രിക്ക് സീറ്റുകള്‍ നല്‍കിയുള്ള ഇന്റീരിയര്‍ ആയിരിക്കും സോക്കര്‍ എഡിഷനിലുമെന്നാണ് സൂചനകള്‍. 

റെഗുലര്‍ മോഡലിന് കരുത്തേകുന്ന ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും സോക്കര്‍ എഡിഷന്റെയും ഹൃദയം. ഇത് 85 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍ ടിയാഗോ സോക്കര്‍ എഡിഷനും നിരത്തുകളിലെത്തുമെന്നാണ് സൂചനകള്‍.

Source: Team BHP

Content Highlights: Tata Tiago Gets Soccer Special Edition; Spy Images Leaked