ടാറ്റ ടിയാഗോ സി.എൻ.ജി. | ഫോട്ടോ: മാതൃഭൂമി
ഇന്ധനവിലയും അന്തരീക്ഷമലിനീകരണവും മുകളിലേക്കുതന്നെയാണ്. അപ്പോള്‍ മറ്റു മാര്‍ഗങ്ങളിലേക്ക് വാഹനനിര്‍മാതാക്കള്‍ തിരിയുന്നത് സ്വാഭാവികം മാത്രം. 'സി.എന്‍.ജി.' അഥവാ 'കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്' ആണ് ഇപ്പോഴത്തെ താരം. വൈദ്യുതി വാഹനങ്ങള്‍ക്കൊപ്പം നിര്‍മാതാക്കള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന മറ്റൊരു ഇന്ധനമായി സി.എന്‍.ജി. മാറുകയാണ്. ഇപ്പോഴിതാ ടാറ്റയും ആവഴിക്ക് നീങ്ങുന്നു. ടാറ്റയുടെ സൂപ്പര്‍ഹിറ്റായ ഹാച്ച്ബാക്ക് 'ടിയാഗോ'യിലും കോമ്പാക്ട് സെഡാന്‍ 'ടിഗോറി'ലുമാണ് ഐ.സി. എന്‍.ജി. എന്ന സാങ്കേതിക വിദ്യയുമായി സി.എന്‍.ജി. പരീക്ഷണം നടത്തിയിരിക്കുന്നത്.
ഒരുലക്ഷത്തിന്റെ കാറുമായി വന്ന് സാധാരണക്കാരനൊപ്പം നിന്ന ടാറ്റയില്‍ നിന്ന് വിലകുറഞ്ഞ ഇന്ധനമുപയോഗിക്കുന്ന അത്യാധുനിക കാര്‍ എന്നതുകൂടി ഇതോടെ യാഥാര്‍ഥ്യമായിരിക്കുകയാണ്. ടിയാഗോയുടെ സി. എന്‍.ജി. പതിപ്പിന്റെ ടെസ്റ്റ് ഡ്രൈവിലേക്ക്. ഐ.സി.എന്‍.ജി. എന്ന ലോഗോയുമായി വരുന്ന ടിയോഗോയ്ക്ക് എന്താണ് മാറ്റമെന്നാണ് ആദ്യമറിയേണ്ടിയിരുന്നത്. സി.എന്‍.ജി. വാഹനങ്ങളെക്കുറിച്ച് പൊതുവേ പറഞ്ഞുകേട്ടിരുന്ന പരാതികളൊന്നും പുതിയ ടിയാഗോയില്‍ അനുഭവപ്പെട്ടില്ല. വലിച്ചിലോ ഒപ്പമുള്ള പെട്രോളിലേക്കുള്ള മാറ്റല്‍ തുടങ്ങിയ കല്ലുകടിയോ ഒന്നും ഇതിലില്ല.
മൂന്ന് സിലിന്‍ഡര്‍ റെവാട്രോണ്‍ 1.2 ലിറ്റര്‍ എന്‍ജിന്‍ കരുത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകോട്ട് വലിയുന്നില്ല. സി.എന്‍.ജി.യില്‍ ഇത് 73 പി.എസ്. എന്ന ഒട്ടും കുറവല്ലാത്ത കരുത്ത് നല്‍കുന്നുണ്ട്. പെട്രോള്‍ മോഡില്‍ 86 പി.എസ്. നല്‍കുന്നയിടത്താണിത്. എന്നാല്‍ ഈ കരുത്ത് വിത്യാസം ഡ്രൈവിങ്ങില്‍ വല്ലാതൊന്നും അറിയുന്നില്ല. മറ്റൊന്ന് സ്റ്റാര്‍ട്ടിങ്ങില്‍ തന്നെ സി.എന്‍.ജി. മതിയെന്നതാണ്. പല വാഹനങ്ങളിലും സ്റ്റാര്‍ട്ടിങ് പെട്രോളിലായിരിക്കും. പിന്നീട് സി.എന്‍.ജി.യിലേക്ക് സ്വിച്ചിട്ട് മാറ്റേണ്ടിവരും.
എന്നാല്‍, ആ പണി ഇതില്‍ വേണ്ട. സി.എന്‍.ജി. മോഡിലിട്ട് സ്റ്റാര്‍ട്ട് ചെയ്താല്‍ പുഷ്പംപോലെ കയറിപ്പൊയ്‌ക്കോളും. 60 ലിറ്റര്‍ കൊള്ളുന്ന ടാങ്ക് കഴിഞ്ഞാല്‍ വണ്ടി ഓട്ടോമാറ്റിക്കായി പെട്രോളിലേക്ക് മാറിക്കൊള്ളും. ഈ പ്രവര്‍ത്തനങ്ങളൊന്നും നമ്മളറിയേണ്ട. സിറ്റി ഡ്രൈവിലും ഹൈവേ ഡ്രൈവിലും ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ സി.എന്‍.ജി. ടിയാഗോയ്ക്ക് കഴിയുന്നുണ്ട്.
പുറംകാഴ്ച
ടിയാഗോയില്‍നിന്ന് വലിയ മാറ്റങ്ങളൊന്നും ഇതില്‍ വരുത്തപ്പെട്ടിട്ടില്ല. പിന്നിലെ ഐ.സി.എന്‍.ജി. ബാഡ്ജിങ്ങൊഴിച്ച്. പുതിയതായി വന്നത് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളാണ്. പിന്നെ, കണ്ണെഴുതിയതുപോലെ തിളങ്ങുന്ന ഡി. ആര്‍.എല്‍. ഫോഗ് ലാമ്പിനടുത്തായി ഇടംപിടിച്ചിരിക്കുന്നു. ടിയാഗോയില്‍ കണ്ട ഗ്രില്ലിലും ടാറ്റ കൈവെച്ചിട്ടില്ല. പിയാനാ ബല്‍ക്കില്‍ മൂന്നമ്പുകള്‍ തിളങ്ങുന്ന ഗ്രില്‍ അതുപോലെ നിര്‍ത്തിയിട്ടുണ്ട്. ഡീഫോഗറും വൈപ്പറുമടക്കമാണ് പിന്നിലെ ചില്ല്. ബൂട്ട് ഡോറിലും ക്രോമിന്റെ അംശമുണ്ട്. അലോയ് വീലെന്ന ആഡംബരമില്ല. പകരം അലോയ് വീലെന്ന് തോന്നിപ്പിക്കുന്ന സ്റ്റീല്‍ റിമ്മിലാണ് പതിന്നാലിഞ്ച് ചക്രങ്ങള്‍. ഡോര്‍ഹാന്‍ഡിലിലും ക്രോം ലൈനിങ് നല്‍കിയിട്ടുണ്ട്.

അകത്തളം
അകത്തും ടിയാഗോയില്‍ നിന്നുള്ള മാറ്റങ്ങളൊന്നും കാണാനില്ല. എന്നാല്‍, സി.എന്‍.ജി. എന്ന ചെറു ബട്ടണ്‍ സെന്‍ട്രല്‍ കണ്‍സോളില്‍ ഇടംനേടി. പൂര്‍ണമായും ഓട്ടോമാറ്റിക്കായ ടെമ്പറേച്ചര്‍ കണ്‍ട്രോള്‍, ഏഴിഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ എന്നിവയെല്ലാം ഇതിലും തുടരുന്നുണ്ട്. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും സ്റ്റിയറിങ് വീലിലെ ഓഡിയോ, ഫോണ്‍ കണ്‍േട്രാളുകളുമെല്ലാം അതേപടി തുടരുന്നുണ്ട്. എന്നാല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കല്‍സ്റ്ററില്‍ ഒരാള്‍കൂടി ഇടംപിടിച്ചിട്ടുണ്ട്. പെട്രോളിന്റെ അളവ് അറിയുന്നതുപോലെ സി.എന്‍.ജി.യുടെ അളവും ഇതില്‍ കാണാം. പിന്നിലും ആവശ്യത്തിന് സൗകര്യങ്ങളുണ്ട്.
എന്നാല്‍, ബൂട്ടിന്റെ കാര്യം മറന്നേക്കൂ. 60 ലിറ്ററിന്റെ കൂറ്റന്‍ സി.എന്‍.ജി. ടാങ്കാണ് ഇവിടെ ഇടംപിടിച്ചിരിക്കുന്നത്. അതിനാല്‍, മറ്റൊന്നും ചിന്തിക്കാനില്ല. സ്‌പെയര്‍ വീലിരിക്കുന്നത് ഈ ടാങ്കിന്റെ അടിയിലാണ്. ടാങ്കിന്റെ പൂട്ട് മാറ്റിയ?േശഷമേ ഇതെടുക്കാന്‍ കഴിയൂ. ഫ്യൂവല്‍ ലിഡിനുള്ളിലാണ് സി.എന്‍.ജി.യുടേയും കുഴല്‍. അതിനാല്‍ കാറിനുള്ളിലിരുന്ന് തന്നെ അത് തുറക്കാന്‍ കഴിയും. ഒരു സാധാരണ കുടുംബത്തിന് ലഗേജില്ലാത്ത യാത്രയ്ക്ക് ഉതകുന്നതാണ് ടിയാഗോ സി. എന്‍.ജി. 6.09 ലക്ഷം മുതലാണ് ഇതിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.
Content Highlights: Tata Tiago CNG Test Drive Review, Tata Motors Eco-Friendly Vehicle, Tata Tiago CNG, Test Drive Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..