പ്രകൃതിസൗഹാര്‍ദ ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങളിലാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഇതിന്റെ ഭാഗമായി ടാറ്റയുടെ പാസഞ്ചര്‍ വാഹനനിരയിലെ ജനപ്രിയ മോഡലുകളായ ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍ തുടങ്ങിയ വാഹനങ്ങളുടെ സി.എന്‍.ജി പതിപ്പ് എത്തുമെന്നും അറിയിച്ചിരുന്നു.. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ടിയാഗോയുടെ സി.എന്‍.ജി. പതിപ്പ് വരവിനൊരുങ്ങിയതായി സൂചന.

ഇതിന്റെ ഭാഗമായി ഏതാനും ഡീലര്‍ഷിപ്പുകളില്‍ ടിയാഗോ സി.എന്‍.ജി. മോഡലിന്റെ ബുക്കിങ്ങ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 11,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. അടുത്ത മാസത്തോടെ ഈ വാഹനം അവതരിപ്പിക്കുമെന്നും ഡിസംബര്‍ മാസത്തോടെ വിതരണം ആരംഭിക്കുമെന്നുമാണ് ലഭിച്ചിരിക്കുന്ന വിവരം. സി.എന്‍.ജി. ഇന്ധനമായി ഉപയോഗിക്കുന്ന ടിയാഗോ, ടിഗോര്‍ മോഡലുകളുടെ പരീക്ഷണയോട്ട ചിത്രങ്ങള്‍ മുമ്പ് നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

XT, XZ എന്നീ വേരിയന്റുകളായിരിക്കും സി.എന്‍.ജി. മോഡലാകുകയെന്നാണ് വിവരം. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇതിലും നല്‍കുക. പെട്രോള്‍ മോഡല്‍ 86 പി.എസ്. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നതെങ്കില്‍ സി.എന്‍.ജിയില്‍ ഇത് 15 മുതല്‍ 20 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തല്‍. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക. 

റെഗുലര്‍ ടിയാഗോയിലെ XZ വേരിന്റില്‍ നല്‍കുന്ന ഫീച്ചറുകളെല്ലാം സി.എന്‍.ജി. പതിപ്പിലും പ്രതീക്ഷിക്കാം. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയിസ് കമാന്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, കൂള്‍ഡ് ഗ്ലോവ് ബോക്‌സ് തുടങ്ങിയവാണ് ഇതിലെ ഫീച്ചറുകള്‍. XT വേരിയന്റില്‍ ടാറ്റ കണക്ട് നെക്സ്റ്റ് ആപ്ലിക്കേഷന്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകളും നല്‍കും. ലുക്കിലും ഡിസൈനിലും റെഗുലര്‍ ടിയാഗോയിക്ക് സമാനമായിരിക്കും സി.എന്‍.ജി. പതുപ്പുമെന്നാണ് സൂചന.

Source: CarDekho

Content Highlights: Tata Tiago CNG, Tata Motors, CNG Cars, Tata Cars, Tata Tiago