ടാറ്റ മോട്ടോര്‍സ് അടുത്തിടെ പുറത്തിറക്കിയ എന്‍ട്രി ലെവല്‍ സെഗ്മെന്റ് കാര്‍ ടിയാഗോയ്ക്ക് ഓട്ടോമാറ്റിക് പതിപ്പ് വരുന്നു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ടാറ്റയുടെ പുണെ പ്ലാന്റിനടുത്ത് AMT വേരിയന്റ് ടെസ്റ്റ് ഡ്രൈവ് നടത്തി കാര്യക്ഷമത ഉറപ്പുവരുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് പതിപ്പിന്റെ വരവോടെ എതിരാളികളായ സെലാരിയോ AMT, ഗ്രാന്റ് i10 AMT എന്നിവയോട് ടിയാഗോയ്ക്ക് മികച്ച മത്സരത്തിനൊരുങ്ങാം. നിലവില്‍ ചെറു മോഡലുകളില്‍ കോംപാക്ട് സെഡാന്‍ സെസ്റ്റില്‍ മാത്രമാണ് കമ്പനി ഓട്ടോമാറ്റിക് വകഭേദം ലഭ്യമാക്കുന്നത്‌. 

tata tiago

നിരത്തിലെത്തി ചുരുങ്ങിയ കാലയളവില്‍ വിപണി പിടിച്ച ടിയാഗോ നിലവില്‍ ടാറ്റയുടെ മികച്ച വില്‍പനയുള്ള മോഡലാണ്. നവംബറില്‍ രാജ്യത്ത് മികച്ച വില്‍പന കൈവരിച്ച ആദ്യ പത്തു കാറുകളില്‍ സ്ഥാനംപിടിക്കാനും ടിയാഗോയ്ക്ക് സാധിച്ചു. കഴിഞ്ഞ മാസം കമ്പനി വിറ്റഴിച്ച 12,736 യൂണിറ്റില്‍ 47 ശതമാനം വിഹിതവും (6008 യൂണിറ്റ്) ടിയാഗോയുടെ വകയാണ്. ടാറ്റ വാഹനങ്ങളുടെ സ്ഥിരം മുഖത്തില്‍ നിലവില്‍ 5 സ്പീഡ് ട്രാന്‍സ്മിഷനിലാണ് പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ ടിയാഗോ നിരത്തിലുള്ളത്. 

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 2000 ആര്‍പിഎമ്മില്‍ 85 പിഎസ് കരുത്തും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കുമാകുമ്പോള്‍ 1.05 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എഞ്ചിന്‍ 4000 ആര്‍പിഎമ്മില്‍ 70 പിഎസ് കരുത്തും 1800-3000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കും നല്‍കും. പെട്രോള്‍ പതിപ്പ് 23.84 കിലോമീറ്ററും ഡീസല്‍ പതിപ്പ് 27.28 കിലോമീറ്റര്‍ മൈലേജും നല്‍കും. സ്പോര്‍ട്സ് യൂട്ടിലിറ്റി ശ്രേണിയില്‍ ഏറെ പ്രതീക്ഷയോടെ അടുത്ത വര്‍ഷം തുടക്കത്തില്‍ ടാറ്റ പുറത്തിറക്കുന്ന ഹെക്സയ്ക്ക് തൊട്ടുപിറകെ ഓട്ടോമാറ്റിക് ടിയോഗോ നിരത്തിലെത്താനാണ് സാധ്യത.

Read More: ഒന്നാമന്‍ ആള്‍ട്ടോ, ടിയാഗോ ആദ്യ പത്തില്‍