ന്ത്യന്‍ വാഹനനിര്‍മാതാക്കളായ ടാറ്റയ്ക്ക് ഏറ്റവുമധികം വില്‍പ്പന നേട്ടമുണ്ടാക്കി നല്‍കിയ വാഹനങ്ങളാണ് ഹാച്ച്ബാക്ക് മോഡലായ ടിയാഗോ, സെഡാന്‍ മോഡലായ ടിഗോര്‍, കോംപാക്ട് എസ്‌യുവിയായ നെക്‌സോണ്‍ എന്നിവ. ഇതില്‍ ടിയാഗോ, ടിഗോര്‍ എന്നിവയുടെ ഡീസല്‍ മോഡലുകള്‍ നിര്‍ത്തുന്നതായി സൂചന.

എന്നാല്‍, കോംപാക്ട് എസ്‌യുവിയായ നെക്‌സോണിന് കരുത്ത് പകരുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ്-6 എന്‍ജിന്‍ വികസിപ്പിക്കുന്നതിന് വലിയ ചിലവ് വരുന്നതിനാലാണ് ചെറിയ ഡീസല്‍ എന്‍ജിനുകള്‍ നിര്‍മിക്കാത്തത്. 

ബിഎസ്-6 എന്‍ജിനിലെത്തുന്ന പെട്രോള്‍-ഡീസല്‍ കാറുകളുടെ വില വ്യത്യാസം 2.5 ലക്ഷം രൂപയോളമാകുമെന്നാണ് സൂചന. നിലവില്‍ ഒരു ലക്ഷം രൂപയാണ് പെട്രോള്‍-ഡീസല്‍ കാറുകളുടെ വില വ്യത്യാസം. ഇതും ഡീസല്‍ എന്‍ജിന്‍ നിര്‍ത്താനുള്ള കാരണങ്ങളിലൊന്നാണ്.

1.05 ലിറ്റര്‍ റെവോടോര്‍ക് എന്‍ജിനാണ് ടാറ്റ ടിയാഗോ, ടിഗോര്‍ എന്നീ കാറുകളുടെ ഡീസല്‍ മോഡലുകളിലുള്ളത്. ഈ എന്‍ജിന്റെ ഉത്പാദനം അവസാനിപ്പിക്കുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, 1.2 ലിറ്റര്‍ റെവോട്രോള്‍ പെട്രോള്‍ എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നുണ്ട്.

എന്നാല്‍, കോംപാക്ട് എസ്‌യുവി മോഡലായ നെക്‌സോണിന്റെ ഡീസല്‍ മോഡലുകളില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ റെവോടോര്‍ക്ക് എന്‍ജിന്‍ ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നുണ്ട്. ഇതിനൊപ്പം തന്നെ ടിയാഗോ, ടിഗോര്‍ മോഡലുകളുടെ സിഎന്‍ജി വേരിയന്റും എത്തിയേക്കുമെന്നും വിവരങ്ങളുണ്ട്.

Content Highlights: Tata Tiago and Tigor facelift to come in petrol Engine Only