ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയില്‍ എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ അടിസ്ഥാന ഫീച്ചറുകളാകും. ബെയ്‌സ് മോഡലില്‍ മുതല്‍ ഇവ ഉള്‍പ്പെടുത്തുമെന്നാണ് ടാറ്റ അറിയിച്ചിട്ടുള്ളത്. 

ടാറ്റ ടിയാഗോയുടെ പ്രധാന എതിരാളികളായ ഹ്യുണ്ടായി സാന്‍ട്രോ, മാരുതി വാഗണ്‍ആര്‍, ഡാട്ട്‌സണ്‍ ഗോ തുടങ്ങി മോഡലുകളുടെ അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഈ സംവിധാനം ഒരുക്കിയതിനെ തുടര്‍ന്നാണ് ടിയാഗോയിലും ഇവ നല്‍കുന്നത്. 

ഇതിനൊപ്പം ടിയാഗോയുടെ എക്‌സ്ഇ വേരിയന്റായിരിക്കും ഇനി മുതല്‍ അടിസ്ഥാന മോഡല്‍ എന്നും ടാറ്റ അറിയിച്ചിട്ടുണ്ട്. മുമ്പ് ഇത് എക്‌സ്ബി വേരിയന്റായിരുന്നു. അതുകൊണ്ട് തന്നെ എക്‌സ്ഇ വേരിയന്റ് മുതലായിരിക്കും എബിഎസ്, ഇബിഡി സംവിധാനം ഒരുക്കുന്നത്. 

ടിയോഗോയുടെ XZ, XZ+ വേരിയന്റുകളില്‍ മാത്രമായിരുന്നു മുമ്പ് എബിഎസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നത്. ടിയാഗോയുടെ അടിസ്ഥാന മോഡലില്‍ ഇപ്പോഴും എയര്‍ബാഗ് നല്‍കിയിട്ടില്ല. എന്നാല്‍, ഈ ശ്രേണിയിലുള്ള മറ്റ് വാഹനങ്ങളില്‍ ഇതും നല്‍കിയിട്ടുണ്ട്.

XB വേരിയന്റ് ഒഴിവാക്കുന്നതോടെ XE, XM, XZ, XZ+ എന്നിങ്ങനെയായിരിക്കും ടിയാഗോയുടെ നിര. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കാറുകളില്‍ എബിഎസ്, ഇബിഡി സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ സംവിധാനങ്ങല്‍ ഒരുക്കിയത്.

Content Highlights: Tata Tiago: ABS Now Standard; XB Variant Discontinued