കാലങ്ങളായി പിന്തുടര്‍ന്നു വരുന്ന കമ്പനിയുടെ മുഖഛായ അടിമുടി മാറ്റിപ്പണിയാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‌സ് സ്‌പോര്‍ട്‌സ് കാറുകള്‍ക്കായി പുതിയ ടാമോ ബ്രാന്‍സ് ഏതാനം മാസങ്ങള്‍ക്ക് മുമ്പ് അനാവരണം ചെയ്തത്. ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ ആഗോളതലത്തിലെ വമ്പന്‍ സ്‌പോര്‍ട് കാര്‍ കമ്പനികളെ പോലും ഞെട്ടിക്കുന്ന രൂപത്തില്‍ ടാമോയിലെ ആദ്യ അംഗമായ റെയ്‌സ്‌മോ പിറവിയെടുത്തിരുന്നു. 

Read More: റെയ്‌സ്‌മോ അറിയേണ്ട 5 കാര്യങ്ങള്‍

ഈ വര്‍ഷം അല്ലെങ്കില്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ റെയ്‌സ്‌മോ ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ കമ്പനിയുടെ നിലപാട്. എന്നാല്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റെയ്‌സ്‌മോ അധ്യായം തുറക്കാനുള്ള പദ്ധതി ടാറ്റ അവസാനിപ്പിച്ചതായാണ് സൂചന. ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന സ്‌പോര്‍ട്‌സ് കാര്‍ എന്ന ടാഗ് ലൈനോടെയാണ് റെയ്‌സ്‌മോ അവതരിച്ചത്. 

Tata TAMO

വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുമ്പോള്‍ വരുന്ന ഭീമമായ ചെലവാണ് ടാറ്റയുടെ പിന്‍മാറ്റത്തിനുള്ള പ്രധാന കാരണമെന്നാണ് വിവരം. ജനീവയില്‍ അവതരിച്ച റെയ്‌സ്‌മോ കണ്‍സെപ്റ്റ് മോഡല്‍ പ്രൊഡക്ഷനിലെത്തിക്കാന്‍ ഏകദേശം 250 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. എന്നാല്‍ റെയ്‌സ്‌മോ നിര്‍മാണത്തിലെക്കെത്തില്ല എന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കമ്പനി നല്‍കിയിട്ടില്ല. ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ഇവന്റെ വില ഏകദേശം 30 ലക്ഷത്തിനുള്ളിലാകുമെന്നായിരുന്നു സൂചനകള്‍. 

Read More: ചരിത്രം കുറിക്കാന്‍ ടാമോ റെയ്‌സ്‌മോ

അതേസമയം പുതിയ മോഡലിനുള്ള വലിയ നിക്ഷേപം നിലവില്‍ കരകയറാന്‍ ബുദ്ധിമുട്ടുന്ന ടാറ്റയുടെ വാണിജ്യ വാഹന ശ്രേണിയിലേക്ക് വകമാറ്റാന്‍ സീനിയര്‍ മാനേജ്‌മെന്റും ബോര്‍ഡ് മെംബേര്‍സും നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. എതിരാളികള്‍ വര്‍ധിച്ച് വിപണിയില്‍ മത്സരം കടുത്തതോടെയാണ് വാണിജ്യ വാഹനങ്ങളില്‍ രാജ്യത്തെ മുന്‍നിര നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പ്രതിസന്ധിയിലേക്ക് നീങ്ങിയത്. 

TAMO Racemo

ടാറ്റയുടെ MOFlex പ്ലാറ്റ്ഫോമില്‍ സൂപ്പര്‍ കാറുകളെ വെല്ലുന്ന രൂപത്തിനൊപ്പം അത്യാഡംബരവും ചേര്‍ന്നാണ് റെയ്സ്‌മോ കണ്‍സെപ്റ്റ് ഈ വര്‍ഷം മാര്‍ച്ചില്‍ ജനീവയില്‍ പ്രദര്‍ശിനത്തിനെത്തിയിരുന്നത്. ഇരുവശങ്ങളിലേക്കും ചിറകുവിരിച്ച് തുറക്കാവുന്ന ഡബിള്‍ ഡോറായിരുന്നു ഇവന്റെ മുഖ്യ ആകര്‍ഷണം. പിന്നില്‍ ടെയില്‍ ലാമ്പിന് നടുവിലായാണ് എക്സ്ഹേസ്റ്റ്. എക്സ്റ്റീരിയറില്‍ ആകെമൊത്തം കരുത്തനില്‍ കരുത്തന്റെ ലുക്ക്.

Read More: ചരിത്രം കുറിക്കാന്‍ ടാറ്റ ടാമോ സി-ക്യൂബ്

190 പിഎസ് കരുത്തും 210 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് റെവോട്രോണ്‍ എഞ്ചിനാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആറ് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ റെയ്‌സ്‌മോ കണ്‍സെപ്റ്റ് മോഡലില്‍ ഒതുങ്ങിയേക്കും. ഹാച്ച്ബാക്ക് സി-ക്യൂബ് അടക്കമുള്ള ടാമോ കാറുകള്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം.

Racemo