തൊട്ടതെല്ലാം പൊന്നാക്കിയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റയുടെ കുതിപ്പ്. ടാറ്റയില്‍ നിന്ന് അടുത്തിടെ ഇന്ത്യന്‍ നിരത്തുകളിലെത്തിയ സഫാരിയുടെ കൗതുകം അവസാനിക്കുന്നതിന് മുമ്പ് പുതിയ ഒരു മോഡല്‍ കൂടി വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. മിനി എസ്.യു.വി.ശ്രേണിയിലേക്ക് കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തിച്ച HBX എന്ന കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്.
ടാറ്റ ടൈമറോ എന്നായിരിക്കും ഈ വാഹനത്തിന് പേര് നല്‍കുകയെന്നാണ് അഭ്യൂഹങ്ങള്‍. 2020-ല്‍ ഈ വാഹനം നിരത്തുകളില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍, കൊറോണ വൈറസ് മഹാമാരി ഈ മിനി എസ്.യു.വിയുടെ വരവ് വൈകിക്കുകയായിരുന്നു. പുതിയ സൂചന അനുസരിച്ച് 2021 ഏപ്രില്‍ മാസത്തോടെ ഈ വാഹനം എത്തിയേക്കും. വരവിന് മുന്നോടിയായി നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഓട്ടോ എക്‌സ്‌പോയില്‍ എത്തിയ കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് കാര്യമായ മാറ്റം വരുത്താതെ ആയിരിക്കും പ്രൊഡക്ഷന്‍ മോഡല്‍ എത്തുകയെന്നാണ് സൂചന. നെക്‌സോണില്‍ നിന്നും ഹാരിയറില്‍ നിന്നും കടംകൊണ്ട ഡിസൈനിലാണ് കണ്‍സെപ്റ്റ് മോഡല്‍ എത്തിയത്. നേര്‍ത്ത ഡിആര്‍എല്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവ നല്‍കിയാണ് ടാറ്റ ഈ മിനി എസ്.യു.വിയുടെ കണ്‍സെപ്റ്റ് രൂപം ഒരുക്കിയിരുന്നത്.
മിനി എസ്.യു.വി. സെഗ്മെന്റില്‍ തന്നെ ആദ്യമായി നല്‍കുന്ന ഫീച്ചറുകളായിരിക്കും ഈ വാഹനത്തില്‍ നല്‍കുക. ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് എന്നിവ ഈ വാഹനത്തിന്റെ അകത്തളത്തെ ഫീച്ചര്‍ സമ്പന്നമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം ഒരുങ്ങുക. 85 പിഎസ് പവറും 114 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനം നിരത്തിലെത്തുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. വാഹന സുരക്ഷയില്‍ മുന്നില്‍ നില്‍ക്കുന്ന ടാറ്റ മോട്ടോഴ്‌സ് ഈ വാഹനത്തിലും മികച്ച സുരക്ഷ സംവിധാനമൊരുക്കും. എയര്‍ബാഗ്, എ.ബി.എസ് വിത്ത് ഇ.ബി.ഡി. ഫീച്ചറുകള്‍ അടിസ്ഥാന മോഡലിലും നല്‍കും.
Source: India Car News
Content Highlights: Tata Small SUV HBX To Be Launch Anytime Soon