ന്ത്യന്‍ നിരത്തുകള്‍ക്കായി ടാറ്റ മോട്ടോഴ്‌സ് പുതിയ മിനി എസ്.യു.വി. ഒരുക്കുന്നത് രഹസ്യമല്ല. എന്നാല്‍, ഈ വാഹനത്തിന്റെ രൂപവും ഡിസൈനും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടിരുന്നില്ല. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റിനോട് നീതി പുലര്‍ത്തിയായിരിക്കും ഈ വാഹനമെത്തുക എന്ന ഉറപ്പും പരീക്ഷണയോട്ടത്തിലെ ചിത്രങ്ങളുമാണ് ഈ വാഹനത്തെ കുറിച്ചുള്ള അറിവ്. 

ടാറ്റ HBX എന്ന കോഡ്‌നെയിം നല്‍കി നിര്‍മിക്കുന്ന ഈ കുഞ്ഞന്‍ എസ്.യു.വി. സൗന്ദര്യത്തില്‍ ഹാരിയറിനോടും നെക്‌സോണിനോടും ഒപ്പത്തിനൊപ്പമാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പരീക്ഷണയോട്ട ചിത്രങ്ങള്‍ നല്‍കുന്ന സൂചന. അല്‍പ്പം മൂടിക്കെട്ടലുകളുമായി പരീക്ഷണയോട്ടത്തിന് നിരത്തുകളില്‍ എത്തിയ പ്രൊഡക്ഷന്‍ റെഡി ചിത്രങ്ങളാണ് വാഹനപ്രേമികളുടെ കൈയടി നേടി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

HBX-ന്റെ ഡിസൈന്‍ ശൈലിയിലേക്ക് വരികയാണെങ്കില്‍ മുഖഭാവം ഹാരിയര്‍-നെക്‌സോണ്‍ തുടങ്ങിയ വാഹനങ്ങളുടെ മിശ്രണമാണെന്ന് വിശേഷിപ്പിക്കാം. ഹാരിയറില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഡി.ആര്‍.എല്‍, ബമ്പറില്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് എന്നിവ HBX-ലും നല്‍കുന്നുണ്ട്. ബമ്പര്‍ നെക്‌സോണിലേതിന് സമാനമായി ഡ്യുവല്‍ ടോണ്‍ നിറങ്ങളിലാണ് ഒരുങ്ങിയിട്ടുള്ളതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.

വശങ്ങളും നെക്‌സോണിന് സമാനമായാണ് ഒരുക്കിയിരിക്കുന്നത്. പുതുതലമുറ നെക്‌സോണില്‍ നല്‍കിയ ഡ്യുവല്‍ ടോണ്‍ നിറങ്ങളുള്ള അലോയി വീലാണ് HBX-ലുമുള്ളത്. സമാനതകള്‍ അവകാശപ്പെടാനില്ലാത്തത് പിന്‍ഭാഗത്തിനാണ്. തീര്‍ത്തും പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ലാമ്പ്, ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ബമ്പര്‍, പുറത്തേക്ക് തള്ളി നല്‍കുന്ന ടെയ്ല്‍ഗേറ്റ് എന്നിവയാണ് ഈ വാഹനത്തില്‍ പിന്‍വശത്തുള്ളത്.

അകത്തളം സംബന്ധിച്ച സൂചനകള്‍ നിര്‍മാതാക്കള്‍ നല്‍കിയിട്ടില്ല. എന്നാല്‍, മുമ്പ് ലഭിച്ച ചിത്രങ്ങളില്‍ നിന്ന് ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, എം.ഐ.ഡി. യൂണിറ്റ് നല്‍കിയിട്ടുള്ള വലിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, നെക്‌സോണില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഈ വാഹനത്തില്‍ പ്രതീക്ഷിക്കാം. കണക്ടഡ് കാര്‍ സാങ്കേതികവിദ്യയുടെ ഇതില്‍ നല്‍കുമെന്നാണ് അഭ്യാഹങ്ങള്‍.

പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയമെന്ന് ആദ്യ മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നതാണ്. ടാറ്റയുടെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ റെവോട്രോള്‍ പെട്രോള്‍ എന്‍ജിനായിരിക്കും HBX-ല്‍ നല്‍കുക. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ഓപ്ഷണലായി എ.എം.ടിയും എത്തിയേക്കുമെന്നും സൂചനയുണ്ട്.

Content Highlights: Tata Small SUV HBX Production Model Spied In Test Run