ടാറ്റയുടെ പ്രീമിയം എസ്‌യുവിയായ ഹാരിയറിന് 10,000 യൂണിറ്റ് എന്ന വില്‍പ്പന നേട്ടത്തില്‍. ഈ നേട്ടത്തിന്റെ ഭാഗമായാണ് ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്ന ഈ എസ്‌യുവികളുടെ ഡ്യുവല്‍ ടോണ്‍ പതിപ്പ് നിരത്തിലെത്തിച്ചിരിക്കുന്നത്. 

കഴിഞ്ഞ ജനുവരി 20-നാണ് ടാറ്റ ഹാരിയര്‍ എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചത്. പ്രീമിയം എസ്‌യുവികളുടെ ഗണത്തിലെത്തിയ ഈ വാഹനം ആറു മാസം കൊണ്ടാണ് 10,000 യൂണിറ്റ് നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. 

ഈ നേട്ടം ആഘോഷമാക്കുന്നതിനായാണ് ടോപ്പ് എന്‍ഡ് പതിപ്പായ എക്‌സ്ഇസഡ് വേരിയന്റ് ഡ്യുവല്‍ ടോണ്‍ നിറത്തില്‍ എത്തിച്ചിരിക്കുന്നത്. കലിസ്റ്റോ കോപ്പര്‍, ഓര്‍ക്കസ് വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ബ്ലാക്ക് ഫിനീഷ്ഡ് റൂഫ് നല്‍കിയിട്ടുള്ളത്. 

ടാറ്റ ഹാരിയറിന്റെ ഡ്യുവല്‍ ടോണ്‍ പതിപ്പിന് 16.76 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ഡ്യുവല്‍ ടോണ്‍ അവതരിപ്പിച്ചതോടെ ഹാരിയറിന് വീണ്ടും വില്‍പ്പന നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

ജാഗ്വാര്‍, ലാന്‍ഡ് റോവറിന്റെ ഡി8 പ്ലാറ്റ്‌ഫോമില്‍ ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് സാങ്കേതികവിദ്യയില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് ടാറ്റയുടെ ഹാരിയര്‍. കരുത്തേറിയ 2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിനിലാണ് ഇത് എത്തിയിട്ടുള്ളത്.

Content Highlights: Tata Sell 10,000 Units Of Harrier SUV In India