ടാറ്റ വാഹനങ്ങളിലെ ഐതിഹാസിക മോഡലായിരുന്ന സഫാരി വീണ്ടും നിരത്തുകളില്‍ നിറയാനൊരുങ്ങുന്നു. ടാറ്റ നിരയിലെ ഫ്‌ളാഗ്ഷിപ്പ് മോഡലാകുന്ന ഈ എസ്.യു.വി.ഇന്ത്യയില്‍ അവതരിപ്പിച്ചു. ആറ് വേരിയന്റുകളില്‍ ആറ്, ഏഴ് സീറ്റര്‍ മോഡലുകളായാണ് സഫാരി വിപണിയില്‍ എത്തുന്നത്. ഫെബ്രുവരി നാല് മുതല്‍ ബുക്കിങ്ങ് ആരംഭിക്കുന്ന ഈ വാഹനത്തിന്റെ വിലയും ബുക്കിങ്ങ് തുകയും പിന്നാലെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

XE, XM, XT, XT+, XZ, XZ+ എന്നിവയായിരിക്കും ഈ വാഹനത്തിന്റെ വകഭേദങ്ങളെന്നാണ് സൂചന. ആറ് സീറ്റ് പതിപ്പുകളില്‍ മൂന്ന് നിരയിലെ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റര്‍ പതിപ്പില്‍ ഒരു നിര ബെഞ്ച് സീറ്റും നല്‍കിയായിരിക്കും സഫാരി എത്തുക. ടാറ്റയുടെ അഭിമാന മോഡലായ ഹാരിയര്‍ എസ്.യു.വിയുടെ വലിയ മോഡലായ എസ്.യു.വി എന്ന പേരില്‍ 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 

ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലാണ് സഫാരി എസ്.യു.വിയും ഒരുങ്ങിയിട്ടുള്ളത്. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. സഫാരിയുടെ മുന്‍ഗാമി എന്ന് വിശേഷിപ്പിക്കുന്ന ഹാരിയറിനും ഇതാണ് അടിസ്ഥാനമൊരുക്കുന്നത്. ടാറ്റയുടെ ഡിസൈനിങ്ങ് ശൈലിയില്‍ വിപ്ലവം തീര്‍ത്ത ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയിലാണ് സഫാരിയുടെയും പുനര്‍ജന്മം.

യുവത്വം തുളുമ്പുന്ന സ്റ്റൈലിങ്ങിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ക്രോമിയം ആവരണത്തില്‍ ട്രൈ-ആരോ ഡിസൈനിലുള്ള ഗ്രില്ലാണ് ഈ വാഹനത്തിന്റെ മുഖഭാവത്തെ ആകര്‍ഷകമാക്കുന്നത്. അതേസമയം, ഹെഡ്ലൈറ്റ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ഫോഗ്ലാമ്പ്, ബംമ്പര്‍, അലോയി വീലുകള്‍ തുടങ്ങിയവയെല്ലാം ഹാരിയറില്‍ നിന്ന് കടംകൊണ്ടവയാണ്. ഹാരിയറിനെക്കാള്‍ 70 എം.എം. നീളം കൂടിയിട്ടുണ്ടെങ്കിലും വീല്‍ബേസില്‍ മാറ്റം വരുത്തിയിട്ടില്ല. 

വശങ്ങളും പിന്‍വശവും കൂടുതല്‍ സ്‌റ്റൈലിഷാണ്. ക്രോമിയം സ്ട്രിപ്പില്‍ സഫാരി ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ള റൂഫ് റെയിലും വീതിയുള്ള ബ്ലാക്ക് ക്ലാഡിങ്ങും വശങ്ങള്‍ക്ക് സ്‌പോര്‍ട്ടി ഭാവം നല്‍കുന്നുണ്ട്. ബോഡിയിലും ഹാച്ച്ഡോറിലേക്കും നീളുന്ന സ്പ്ലിറ്റ് എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പാണ് പിന്‍വശത്തിന്റെ ആകര്‍ഷണം. ഡോറിന് താഴെയായി നല്‍കിയിട്ടുള്ള സഫാരി ബാഡ്ജിങ്ങും സ്‌കിഡ് പ്ലേറ്റും ക്ലാഡിങ്ങും നല്‍കിയുള്ള ബമ്പറും സ്‌റ്റൈലിഷാണ്.

അകത്തളത്തിലെ ഡിസൈനില്‍ ഹാരിയറിന് സമനാണ് സഫാരിയും. ബ്ലാക്ക്-ഐവറി ഫിനീഷിങ്ങിലാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. 8.8 ഇഞ്ച് ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ സഫാരിയെ ഫീച്ചര്‍ സമ്പന്നമാക്കുന്നുണ്ട്. ഐ.ആര്‍.എ.കണക്ടഡ് കാര്‍ ടെക്‌നോളജി വാഹനത്തിന്റെ സാങ്കേതിക തികവ് തെളിയിക്കുന്നതാണ്. 

ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സഫാരിയുടെ ഹൃദയം. ഇത് 168 ബി.എച്ച്.പി.പവറും 350 എന്‍.എം.ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ ഹ്യുണ്ടായി വികസിപ്പിച്ച ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റികും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. എ.ബി.എസ് വിത്ത് ഇ.ബി.ഡി, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ തുടങ്ങിയവ ഇതില്‍ സുരക്ഷ ശക്തമാക്കും.

Content Highlights: Tata Safari SUV Unveiled In India; Booking Opens From February 4