ടാറ്റ മോട്ടോഴ്‌സിന്റ ജനപ്രിയ എസ്.യു.വി. മോഡലായ സഫാരിയുടെ ഗോള്‍ഡ് എഡിഷന്‍ അവതരിപ്പിച്ചു. ഐ.പി.എല്‍. വേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ വാഹനത്തിന് 21.89 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. റെഗുലര്‍ മോഡലുകളുടെ രൂപത്തില്‍ ഡിസൈന്‍ എലമെന്റുകള്‍ നല്‍കി വൈറ്റ് ഗോള്‍ഡ്, ബ്ലാക്ക് ഗോള്‍ഡ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് സഫാരി എസ്.യു.വിയുടെ ഈ പ്രത്യേക പതിപ്പ് വിപണിയില്‍ എത്തുന്നത്. 

ഫ്രോസ്റ്റ് വൈറ്റ് നിറത്തിന്റെ മറ്റൊരു പതിപ്പായാണ് ഗോള്‍ഡ് വൈറ്റ് എത്തിയിട്ടുള്ളത്. റൂഫിന് കറുപ്പ് നിറം നല്‍കി ഡ്യുവല്‍ ടോണിലാണ് വൈറ്റ് ഗോര്‍ഡ് പതിപ്പ് ഒരുങ്ങിയിട്ടുള്ളത്. ഗ്രില്ലിലും ഹെഡ്‌ലാമ്പിന് സമീപത്തും ഡോര്‍ ഹാന്‍ഡിലിലും റൂഫ് റെയിലിലും സ്വര്‍ണ നിറത്തിലുള്ള ആക്‌സെന്റുകള്‍ നല്‍കിയാണ് ഗോള്‍ഡ് എഡിഷന്റെ എക്‌സ്റ്റീരിയറിനെ മോടിപിടിപ്പിച്ചിരിക്കുന്നത്. അലോയി വീല്‍ ഉള്‍പ്പെടെയുള്ള മറ്റ് ഫീച്ചറുകള്‍ റെഗുലര്‍ മോഡലിലേതിന് സമമാണ്. 

Tata Safari
സഫാരി ബ്ലാക്ക് ഗോള്‍ഡ് | Photo: Tata Motors

വ്യത്യസ്തമായ ഇന്റീരിയറാണ് ഗോള്‍ഡ് എഡിഷന്റെ രണ്ട് പതിപ്പിലും നല്‍കിയിട്ടുള്ളത്. മോണ്ട് ബ്ലാങ്ക് മാര്‍ബിള്‍ ഫിനീഷിങ്ങിലാണ് വൈറ്റ് ഗോള്‍ഡ് പതിപ്പിന്റെ ഡാഷ് ബോര്‍ഡ് ഒരുങ്ങിയിട്ടുള്ളത്. ബ്ലാക്ക് ഗോള്‍ഡ് പതിപ്പിലെ ഡാഷ് ബോര്‍ഡ് ഡാര്‍ക്ക് മാര്‍ബിള്‍ ഫിനീഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത്. എ.സി. വെന്റുകളിലും ഡാഷ് ബോര്‍ഡിന് താഴെ ഭാഗത്തുമായി സ്വര്‍ണ നിറത്തിലുള്ള ആക്‌സെന്റുകള്‍ നല്‍കി അലങ്കരിച്ചിട്ടുണ്ട്.

രണ്ട് മോഡലിലും ഓയിസ്റ്റര്‍ വൈറ്റ് ഫീനീഷിങ്ങിലുള്ള ഡയമണ്ട് ക്വാളിറ്റേഡ് ലെതര്‍ സീറ്റുകളാണ് നല്‍കിയിട്ടുള്ളത്. ഒന്ന്, രണ്ട് നിരകളില്‍ നല്‍കിയിട്ടുള്ള ക്യാപ്റ്റന്‍ സീറ്റുകളില്‍ വെന്റിലേറ്റഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. എയര്‍ പ്യൂരിഫയര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയവയും വാഹനത്തിന്റെ അകത്തളത്തിന് പ്രീമിയം ഭാവം പകരുന്നവയാണ്. മറ്റ് ഫീച്ചറുകള്‍ റെഗുലര്‍ മോഡലിന് സമമാണ്.

Tata Safari
സഫാരി വൈറ്റ് ഗോള്‍ഡ് | Photo: Tata Motors

മെക്കാനിക്കലായ മാറ്റങ്ങളും ഗോള്‍ഡ് എഡിഷനില്‍ വരുത്തിയിട്ടില്ല. റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഗോള്‍ഡ് എഡിഷനും കരുത്തേകുന്നത്. ഇത് 168 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകള്‍ ഗോള്‍ഡ് എഡിഷനിലും ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlights: Tata Safari Gold Edition Launched In India