ടാറ്റയുടെ വിശ്വസ്ത മോഡലുകളിലൊന്നായ സഫാരി ഡികോര്‍ എസ്.യു.വിയുടെ നിര്‍മാണം കമ്പനി അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ടാറ്റയുടെ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് സഫാരി ഡികോര്‍ എടുത്തുകളഞ്ഞു. എന്നാല്‍ വില്‍പ്പന അവസാനിപ്പിച്ചത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ കമ്പനി നല്‍കിയിട്ടില്ല. അതേസമയം മുന്‍നിരയിലുള്ള സഫാരി സ്‌റ്റോമിന്റെ വില്‍പ്പന പഴയപടി തുടരുന്നുണ്ട്. അടുത്തിടെ മാരുതി ജിപ്‌സിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ സൈനിക ആവശ്യങ്ങള്‍ക്കുള്ള വാഹനനിരയിലേക്ക് സഫാരി സ്‌റ്റോം സ്ഥാനം പിടിച്ചിരുന്നു. 

ടാറ്റയുടെ വിവിധ ഡീലര്‍ഷിപ്പുകളില്‍ സഫാരി ഡികോറിനുള്ള ബുക്കിങ് അവസാനിപ്പിച്ചതായാണ് വിവരം. ഇതിനൊപ്പം ഇന്‍ഡിക്ക, ഇന്‍ഡിഗോ eCS മോഡലുകളും വെബ്-സൈറ്റില്‍നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും വെബ്സൈറ്റില്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്നാണ് കമ്പനിയോട് അടുത്ത വ്യത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്തിടെ വിപണിയിലെത്തിച്ച ടിഗോര്‍, ടിയാഗോ മോഡലുകളുടെ വരവോടെ വില്‍പ്പന ഗണ്യമായി കുറഞ്ഞ ഇന്‍ഡിക്ക, ഇന്‍ഡിഗോ eCS മോഡലുകളുടെ നിര്‍മാണം ടാറ്റ അവസാനിപ്പിച്ചേക്കുമെന്ന് ആഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.