ലാന്‍ഡ് റോവര്‍ രൂപഭംഗിയില്‍ ടാറ്റയുടെ ആദ്യ പ്രീമിയം എസ്.യു.വി കണ്‍സെപ്റ്റ് H5X ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി അവതരിപ്പിച്ചത്. 5 സീറ്റര്‍ എസ്.യു.വി ആയിരുന്നു ഇത്. 2018-19 സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഈ മോഡല്‍ വിപണിയിലെത്തും. ഇതിന് പിന്നാലെ എസ്.യു.വി.കളില്‍ അടിത്തറ വര്‍ധിപ്പിക്കാന്‍ ഇതിന്റെ തന്നെ 7 സീറ്റര്‍ പ്രീമിയം എസ്.യു,വിയും ടാറ്റ കുടുംബത്തില്‍നിന്ന് പുറത്തിറങ്ങുമെന്ന് സൂചന. 

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്‌സ് L550 പ്ലാറ്റ്‌ഫോമിലാണ് ഇതിന്റെയും നിര്‍മാണം. ടാറ്റ H7X, H7 എന്നീ പേരുകളാകും കണ്‍സെപ്റ്റിനെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കമ്പനി ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഫിലോസഫിയാണ് H7X മോഡലും പിന്തുടരുക. H5X എത്തിയതിന് ശേഷം 2019 അവസാനത്തോടെയോ 2020 തുടക്കത്തിലോ ഈ സെവന്‍ സീറ്റര്‍ എസ്.യു.വി വിപണിയിലെത്തും.  

നിരത്തിലെത്തിയാല്‍ എസ്.യു.വി.കളില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഹോണ്ട സി.ആര്‍.വി എന്നിവയാകും ഇതിന്റെ എതിരാളികള്‍. ഇവരെക്കാള്‍ കുറഞ്ഞ വിലയിലാകും H7X എത്തുകയെന്നാണ് ആദ്യ സൂചനകള്‍. പരമാവധി 25 ലക്ഷത്തിനുള്ളിലായിരിക്കും വിപണി വില. ഇതിനൊപ്പം പുതിയ 45X പ്രീമിയം ഹാച്ച്ബാക്കും ഒരു മിഡ്‌സൈസ് സെഡാനും അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ടാറ്റ നിരയില്‍ പുറത്തിറങ്ങും. 

Content Highlights; Tata’s 7 Seater SUV Launch Details Revealed