ടാറ്റയുടെ മിനി എസ്.യു.വിക്കായി മാസങ്ങളും വര്‍ഷങ്ങളും കാത്തിരുന്നവരെ നിരാശരാക്കാത്ത ഡിസൈനിലും ഫീച്ചറുകളിലും കരുത്തിലും പഞ്ച് എന്ന മോഡല്‍ എത്തി കഴിഞ്ഞു. ഒക്ടോബര്‍ നാലാം തീയതി ബുക്കിങ്ങും തുറന്നതോടെ ഈ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ അവരുടെ വാഹനം ഉറപ്പാക്കി തുടങ്ങി. എന്നാല്‍, ഇനി എല്ലാവരും ആവേശത്തോടെ കാത്തിരിക്കുന്നത് പഞ്ചിന്റെ വില അറിയാനാണ്. ഒക്ടോബര്‍ 20-ാം തീയതി വില പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ ഡീലര്‍ഷിപ്പുകളില്‍ ടെസ്റ്റ് ഡ്രൈവ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ബുക്ക് ചെയ്യുന്നതിന് മുന്നോടിയായി ഉപയോക്താക്കള്‍ക്ക് വാഹനം അടുത്തറിയുന്നതിനുള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. 21000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് പഞ്ചിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്. ഈ വാഹനത്തിന്റെ വരവോടെ യൂട്ടിലിറ്റി വാഹന വിപണിയില്‍ ടാറ്റയുടെ വിപണി വിഹിതം 10 ശതമാനം ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുണ്ട്.

പ്യൂര്‍, അഡ്വഞ്ചര്‍, അക്കംബ്ലിഷ്ഡ്, ക്രീയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാണ് പഞ്ച് വിപണിയില്‍ എത്തുന്നത്. അഞ്ച് ലക്ഷം രൂപ മുതല്‍ എട്ട് ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന് പ്രവചിക്കപ്പെടുന്ന വിലകള്‍. വാഹനത്തിന്റെ ശ്രേണിയുടെ അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ കെ.യു.വി.100, മാരുതി സുസുക്കി ഇഗ്നീസ് തുടങ്ങിയ വാഹനങ്ങളാണ് പഞ്ചിന്റെ എതിരാളികള്‍ എങ്കിലും വിലയുടെ അടിസ്ഥാനത്തില്‍ നിസാന്‍ മഗ്നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ മോഡലുകളോട് പഞ്ച് മത്സരിക്കും.

ടാറ്റയുടെ നെക്‌സോണ്‍, ഹാരിയര്‍ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലാണ് പഞ്ച് ഒരുങ്ങിയിട്ടുള്ളത്. ഗ്രില്ലിന് പകരം ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള പാനല്‍, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള നേര്‍ത്ത ഡി.ആര്‍.എല്‍., ബംമ്പറില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഹെഡ്‌ലാമ്പ്, കോര്‍ണര്‍ലൈറ്റായും പ്രവര്‍ത്തിക്കുന്ന ഫോഗ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് പഞ്ചിന് മുഖത്തിന് സൗന്ദര്യമേകുന്ന പ്രധാന അലങ്കാര പണികള്‍. 

ഫീച്ചറുകള്‍ കുത്തിനിറയ്ക്കാതെ ചിട്ടയായാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. ഏഴ് ഇഞ്ച് വലിപ്പമുള്ള ഹര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ പാനല്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ സ്‌ക്രീന്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ധാരാളം സ്റ്റോറേജ് സ്‌പേസുകള്‍, മികച്ച സീറ്റുകള്‍ എന്നിങ്ങനെ വളരെ സമ്പന്നമായ ഒരു അകത്തളമാണ് പഞ്ചില്‍ ഒരുങ്ങിയിട്ടുള്ളത്. 

ടാറ്റയുടെ ടിയാഗോയില്‍ കരുത്തേകുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ റെവൊട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് പഞ്ചിന്റെയും ഹൃദയം. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ഗിയര്‍ബോക്‌സുകളാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. 3827 എം.എം. നീളം, 1742 എം.എം. വീതി, 1615 എം.എം. ഉയരം 2445 എം.എം. വീല്‍ബേസ്, 187 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് പഞ്ചിന്റെ അളവുകള്‍.

Content Highlights: Tata Punch To Launch On October 20, Tata Punch, Tata Motors