ന്ത്യയിലെ വാഹന പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടാറ്റയുടെ മിനി എസ്.യു.വി. മോഡലായ പഞ്ചിന്റെ അവതരണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഒക്ടോബര്‍ നാലിന് ഈ വാഹനം പ്രദര്‍ശിപ്പിക്കുമെന്നാണ് നിര്‍മാതാക്കളായ ടാറ്റ അറിയിച്ചിരിക്കുന്നത്. ഇതേ ദിവസം മുതല്‍ ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിക്കുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്. ഉത്സവ സീസണിന്റെ ഭാഗമായി പഞ്ച് ഉപയോക്താക്കള്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റയുടെ മറ്റ് എസ്.യു.വികള്‍ക്ക് സമാനമായ തലയെടുപ്പും സെഗ്മെന്റിലെ ആദ്യ ഫീച്ചറുകളുമായായിരിക്കും പഞ്ച് നിരത്തുകളില്‍ എത്തുകയെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിട്ടുള്ളത്. ഇംപാക്ട് 2.0 ഡിസൈന്‍ ലാംഗ്വജില്‍ ടാറ്റയുടെ അല്‍ഫ-ആര്‍ക്ക് അടിസ്ഥാനമാക്കി ആദ്യമായി ഒരുങ്ങിയിട്ടുള്ള എസ്.യു.വിയാണ് പഞ്ച്. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസാണ് അല്‍ഫ പ്ലാറ്റ്‌ഫോമില്‍ നിരത്തുകളില്‍ എത്തിയ ആദ്യ വാഹനം.

ഡിസൈനില്‍ കണ്‍സെപ്റ്റ് മോഡലിനോട് നീതി പുലര്‍ത്തിയാണ് പ്രൊഡക്ഷന്‍ പതിപ്പും എത്തിയിട്ടുള്ളത്. എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ബമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഹെഡ്‌ലാമ്പ്, ക്രോമിയം ലൈനുകള്‍ നല്‍കി അലങ്കരിച്ചിട്ടുള്ള നെക്‌സോണിലേതിന് സമാനമായ ഗ്രില്ല്, ക്ലാഡിങ്ങ് നല്‍കി റഫ് ലുക്ക് നല്‍കിയിട്ടുള്ള ബമ്പര്‍, ഫോഗ്ലാമ്പ് എന്നിവയാണ് പഞ്ച് എസ്.യു.വിയുടെ മുഖഭാവം അലങ്കരിച്ചിരിക്കുന്നത്. ക്ലാഡിങ്ങ് നല്‍കിയിട്ടുള്ള ഡോര്‍ വശങ്ങള്‍ക്ക് മസ്‌കുലര്‍ ഭാവമൊരുക്കും.

ടിയാഗോ. അല്‍ട്രോസ് തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഫീച്ചറുകളായിരിക്കും പഞ്ചിന്റെ അകത്തളത്തില്‍ നല്‍കുകയെന്നാണ് പ്രവചനങ്ങള്‍. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫാബ്രിക് സീറ്റുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങള്‍ പഞ്ച് എസ്.യു.വിയുടെ അകത്തളത്തിന് പ്രീമിയം വാഹനങ്ങളുടെ ഭാവം നല്‍കുമെന്നാണ് വിലയിരുത്തലുകള്‍.

ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ അറിയാന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. എന്നാല്‍, ടിയാഗോയില്‍ നല്‍കിയിട്ടുള്ള പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയമെന്നാണ് അഭ്യൂഹങ്ങള്‍. 1.2 ലിറ്റര്‍ റെവോട്രോള്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ഓപ്ഷണലായി എ.എം.ടിയും എത്തിയേക്കുമെന്നും സൂചനയുണ്ട്.

Content Highlights: Tata Punch To Be Unveil On October 4, Booking Opens