ടാറ്റ തങ്ങളുടെ വാക്ക് വീണ്ടും പാലിച്ചു. കൊണ്ടുവരുമെന്നു പറഞ്ഞ വണ്ടികള്‍ മുഴുവന്‍ നിരത്തിലേക്കിറക്കിയാണ് ടാറ്റ കരുത്ത് തെളിയിച്ചിരിക്കുന്നത്. അവയില്‍ അവസാനത്തേതാണ് 'മൈക്രോ എസ്.യു.വി.' എന്നു വേണമെങ്കില്‍ പറയാവുന്ന 'പഞ്ച്'. ജനീവ മോട്ടോര്‍ഷോയില്‍ എച്ച്.ടു.എക്‌സ്. എന്നും ഡല്‍ഹി ഓട്ടോഷോയില്‍ എച്ച്.ബി.എക്‌സ്. എന്നും പേരിട്ടു വിളിച്ച വാഹനത്തിന്റെ പൂര്‍ണകായ രൂപമാണ് 'പഞ്ച്'. ക്രോസ്ഓവര്‍ രൂപമെന്ന് വിളിക്കാവുന്ന 'പഞ്ച്' ഇന്ത്യന്‍ വാഹനരംഗത്ത് ഒരു വിഭാഗം കൂടി ഇതോടെ തുറന്നു. അവിടെ ഇപ്പോള്‍ കളിക്കാന്‍ താരങ്ങളൊന്നുമില്ലെങ്കിലും ഹാച്ച്ബാക്ക് കാറുകള്‍ക്കായിരിക്കും 'പഞ്ചി'ന്റെ പഞ്ച് കിട്ടുക. കൊച്ചിയില്‍ നടന്ന 'പഞ്ചി'ന്റെ മീഡിയ ഡ്രൈവില്‍ എന്താണ് പഞ്ചെന്ന് അറിയാന്‍ കഴിഞ്ഞു.

ക്യൂട്ടാണ് 'പഞ്ച് '

ആര്‍ക്കിടെക്ചറില്‍ 'നെക്‌സണ്‍', 'ഹാരിയര്‍' എന്നിവയില്‍ നിന്നുള്ള ഏറ്റെടുക്കലുകള്‍ 'പഞ്ചി'ലും കാണാം. എന്‍ജിനും അകത്തളവും 'അള്‍ട്രോസി'നൊപ്പവും. കാഴ്ചയില്‍ വളരെ ക്യൂട്ടാണ് 'പഞ്ച്'. ടാറ്റയുടെ പുതിയ വാഹനങ്ങളില്‍ ഗ്രില്ലിനു പകരം ഉപയോഗിക്കുന്ന ഫ്‌ളാറ്റ് പിയോനാ ബ്‌ളാക്കിലുള്ള ചെറിയ ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്. അതില്‍ പുതിയ ഡിസൈന്‍ ഭാഷ്യമായ ചിഹ്നം കാര്‍ന്നെടുത്തിട്ടുണ്ട്. അതിനുള്ളിലാണ് ഹോണ്‍ വച്ചിരിക്കുന്നത്. ഇതിനോടു ചേര്‍ന്നാണ് ഡി.ആര്‍.എല്ലും ഇന്‍ഡിക്കേറ്ററുമെല്ലാം. താഴെയായാണ് ഹെഡ്ലാമ്പ് ക്ലസ്റ്റര്‍. പ്രൊജക്ടഡ് ഹെഡ്ലാമ്പും ഹൈ ബീമിനുവേണ്ടി ഹാലജന്‍ ലൈറ്റുമാണ് നല്‍കിയിരിക്കുന്നത്. ഏറ്റവും താഴെയുള്ള ഫോഗ് ലാമ്പ് സ്റ്റിയറിങ് തിരിയുന്നയിടത്തേക്ക് തിരിയും.

ഇരുട്ടിനനുസരിച്ച് വെളിച്ചം ക്രമീകരിക്കുന്ന ഓട്ടോ ഹെഡ്ലാമ്പും ഓട്ടോമാറ്റിക് റെയിന്‍ സെന്‍സിങ് വൈപ്പറും പഞ്ചില്‍ ടാറ്റ കൊണ്ടുവന്നിട്ടുണ്ട്. 16 ഇഞ്ച് ടയറുകളിലും ഡയമണ്ട് കട്ട് അലോയ് വീലിലും ഉയര്‍ന്നുനില്‍ക്കുമ്പോള്‍ 'പഞ്ചി'ന്റെ വശക്കാഴ്ചയിലും തലയെടുപ്പിന് കുറവില്ല. ആവശ്യത്തിനു വേണ്ട മസില്‍ പെരുപ്പിക്കാന്‍ ബോഡിലൈനുകളുമുണ്ട്. പിന്‍ഭാഗവും വളരെ സിമ്പിളാണ്. അധികം ബാഡ്ജിങ്ങൊന്നുമില്ല. ആകെ 'പഞ്ച്' എന്ന പേരു കാണുന്നത് ഇവിടെയാണ്. ടാറ്റ ലോഗായ്ക്ക് താഴെ ക്യാമറയും അതിനു താഴെയാണ് 'പഞ്ച്' എന്ന ബാഡ്ജിങ്ങും നല്‍കിയിട്ടുള്ളത്. ടെയില്‍ ലാമ്പുകളും വശങ്ങളിലേക്ക് ഇറങ്ങിനില്‍ക്കുന്നു. എല്‍.ഇ.ഡി.യാണ് ഇവിടെയും.

Tata Punch
ടാറ്റ പഞ്ച് | ഫോട്ടോ: വി.എസ്. ശംഭു

അകമഴക്

അകം വളരെ ശ്രദ്ധിച്ചാണ് ടാറ്റ കൈകാര്യം ചെയ്തിരിക്കുന്നത്. അത് ഡാഷ് ബോര്‍ഡായാലും സെന്‍ട്രല്‍ കണ്‍സോളായാലും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററായാലും. സെന്‍ട്രല്‍ കണ്‍സോളില്‍ ചെറിയ ടച്ച് സ്വിച്ചുകള്‍ മാത്രമാണ് ഉള്ളത്. അതിനു മുകളിലുള്ള ഏഴിഞ്ച് ടച്ച് സ്‌ക്രീനിലാണ് മുഴുവന്‍ കാര്യങ്ങളും. വാഹനത്തിന്റെ പൂര്‍ണവിവരങ്ങള്‍ അതില്‍ തെളിയും. ഡാഷ്‌ബോര്‍ഡും വ്യത്യസ്ഥമായാണ് 'പഞ്ചി'ലുള്ളത്. മുന്‍സീറ്റില്‍ ഹാന്‍ഡ്‌റെസ്റ്റ് ഇല്ലെന്ന ചെറിയ ഒരു പോരായ്മ തോന്നി.

ഡികട്ട് സ്റ്റിയറിങ് വീലില്‍ ക്രൂയിസ് കണ്‍ട്രോള്‍ അടക്കമുണ്ട്. ഇത്തവണ ഹര്‍മന്‍ ടച്ച് സ്‌ക്രീനില്‍ തന്നെ പേരിനാല്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഡ്രൈവര്‍ സീറ്റ് മാനുവലി അഡ്ജസ്റ്റബിള്‍ ആണ്. സ്ഥലസൗകര്യം പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നല്ല ഹെഡ് റൂം, നല്ല ലെഗ് സ്‌പേസ്. ബൂട്ട് സ്‌പേസും ആവശ്യത്തിനുണ്ട്. 360 ഡിഗ്രി തുറക്കാവുന്നതാണ് ഇതിന്റെ വാതിലുകള്‍. അതിനാല്‍ അകത്തേക്കുള്ള പ്രവേശനത്തിന് തടസ്സമുണ്ടാകുന്നില്ല.

Tata Punch
ടാറ്റ പഞ്ച് | ഫോട്ടോ: വി.എസ്. ശംഭു

കരുത്ത്

അള്‍ട്രോസിലെ 1.2 ലിറ്റര്‍ റെവാട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് 'പഞ്ചി'ന്റെ കരുത്ത്. ഫൈന്‍ ട്യൂണ്‍ ചെയ്തതിനാല്‍ കരുത്ത് ഒട്ടും ചോര്‍ന്നുപോയിട്ടില്ല. എ.എം.ടി.യും മാനുവലും ഓടിച്ചുനോക്കാന്‍ ലഭിച്ചു. രണ്ടും ഒന്നിനൊന്നു മെച്ചം. ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സാണ് മാനുവലിന് നല്‍കിയിട്ടുള്ളത്. വണ്ടി തികച്ചും ടോര്‍ക്കിയാണ്. ഗിയര്‍ഷിഫ്റ്റിങ്ങില്‍ ശരിക്കും ആത്മവിശ്വാസം നല്‍കുന്നതാണിത്. 6,000 ആര്‍.പി.എമ്മില്‍ 84.468 ബി.എച്ച്.പി.യാണ് പരമാവധി കരുത്ത്.

സിറ്റി ഡ്രൈവിങ്ങില്‍ മാനുവല്‍ ട്രാന്‍സ്മിഷനാണ് കൂടുതല്‍ ഗുണം കാണിച്ചത്. പെട്ടെന്ന് വേഗമെടുക്കാനും ഓവര്‍ടേക്കിങ്ങിനുമൊക്കെ പ്രകടനം മികച്ചതായിരുന്നു. എന്നാല്‍, ഹൈവേകളില്‍ എ.എം.ടി. വേഗമെടുക്കുന്നതില്‍ മുന്നിട്ടു നിന്നു. ചെറിയ ഒരു ലാഗ് ഗിയര്‍ ഷിഫ്റ്റിങ്ങില്‍ സ്വാഭാവികമായും എ.എം.ടി.ക്ക് ഉണ്ടാവുന്നത് ഇതിലുമുണ്ട്. വില അഞ്ചു മുതല്‍ പത്ത് ലക്ഷത്തിനുള്ളിലായിരിക്കും എന്നാണ് കരുതുന്നത്.

Content Highlights: Tata Punch Test Drive Review, Tata Mini SUV, Mini SUV Punch, Tata Motors