സ്വന്തമായി ഒരു കാര്‍ എന്ന സാധാരണക്കാരന്റെ സ്വപ്‌നം പൂവിടുന്നത് ഒരുപക്ഷെ മാസങ്ങളും വര്‍ഷങ്ങളും നീണ്ട കാത്തിരിപ്പിനൊടുവിലായിരിക്കും. ഏറെ നാളത്തെ പ്ലാനിങ്ങിനും പഠനത്തിനുമൊടുവില്‍ സ്വന്തമാക്കുന്ന വാഹനത്തിന്റെ ആദ്യ യാത്ര തന്നെ അപകടത്തിലേക്ക് ആകുന്നത് ചിന്തിക്കാന്‍ പോലും ഇഷ്ടപ്പെടാത്ത കാര്യമായിരിക്കും. ഇത്തരത്തില്‍ പുതിയ കാര്‍ സ്വന്തമാക്കി പുറത്തിറങ്ങുന്നത് തന്നെ അപകടത്തിലേക്ക് ആകുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്. 

ടാറ്റ അടുത്തിടെ പുറത്തിറക്കിയ പഞ്ച് എന്ന മിനി എസ്.യു.വിയാണ് ഡെലിവറി നല്‍കിയതിന് പിന്നാലെ ഉടമയുടെ കൈയില്‍ നിന്നും അപകടത്തില്‍പെടുന്നത്. എന്നാല്‍, എവിടെയാണ് ഈ അപകടം സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഷോറൂമില്‍ നിന്ന് ഇറക്കിയ വാഹനം തൊട്ടടുത്തുള്ള മതിലിലേക്ക് ഇടിച്ച് കയറുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. ഷോറൂം ജീവനക്കാരേയും വാഹനത്തിന്റെ സമീപത്തായി കാണാന്‍ കഴിയുന്നുണ്ട്.

വാഹനം പുറത്തിറക്കിയ ശേഷം ഷോറൂമിലെ ഒരു ജീവനക്കാരന്‍ വാഹനത്തെ കുറിച്ച് ഉടമയ്ക്ക് വിശദീകരിച്ച് നല്‍കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് ജീവനക്കാരന്‍ അവിടെ നിന്ന് മാറുകയും ഉടമ പതിയെ വാഹനം മുന്നിലേക്ക് ഏടുക്കുന്നതും ദൃശ്യത്തിലുണ്ട്. പെട്ടെന്ന് തന്നെ വാഹനം അതിവേഗത്തില്‍ മുന്നിലേക്ക് പോകുന്നതും ഷോറൂമിന്റെ തന്നെ ഒരു ഭിത്തിയിലേക്ക് ഇടിച്ച് കയറുന്നതുമാണ് കാണുന്നത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

അപകടത്തില്‍പെട്ടത് ഓട്ടോമാറ്റിക് വാഹനമായിരിക്കാമെന്നാണ് വിലയിരുത്തല്‍. വാഹന ഉടമയ്ക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വാഹനം ഉപയോഗിച്ചുള്ള പരിചയക്കുറവായിരിക്കാം അപകടത്തിലേക്ക് നയിച്ചിട്ടുണ്ടാകുകയെന്നും വിലയിരുത്തുലുകളുണ്ട്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, തലനാരിഴ വ്യത്യാസത്തിലാണ് തൊട്ടടുത്തുണ്ടായിരുന്ന ആഡംബര വാഹനത്തില്‍ ഈ കാര്‍ ഇടിക്കാതിരുന്നത്. 

ടാറ്റ മോട്ടോഴ്‌സില്‍ നിന്ന് അടുത്തിടെ വിപണിയില്‍ എത്തിയ വാഹനമാണ് മിനി എസ്.യു.വിയായ പഞ്ച്. 1.2 പെട്രോള്‍ എന്‍ജിനില്‍ എത്തിയിട്ടുള്ള ഈ വാഹനത്തില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ഗിയര്‍ബോക്‌സുകള്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നുണ്ട്. ഇതിനുപുറമെ, എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി സുരക്ഷയിലും ഈ വാഹനം കേമനാണെന്ന് തെളിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ വാഹനത്തിന്റെ ഡെലിവറി ആരംഭിച്ചത്.