ടാറ്റ മോട്ടോഴ്‌സ് ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ എത്തിച്ച മിനി എസ്.യു.വി. മോഡലായ പഞ്ചിന്റെ വില പ്രഖ്യാപിച്ചു. നാല് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 5.49 ലക്ഷം രൂപ മുതല്‍ 9.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. അതേസമയം, ഇത് പ്രാരംഭ വില മാത്രമാണെന്നും ഈ വര്‍ഷം അവസാനം വരെ മാത്രമായിരിക്കും ഈ വിലയെന്നുമാണ് സൂചന. 2022-ജനുവരി ഒന്ന് മുതല്‍ പുതില വില പ്രാബല്യത്തില്‍ വരുമെന്നുമാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. 

പ്യൂവര്‍, അഡ്വഞ്ചര്‍, അക്കംബ്ലിഷ്ഡ്, ക്രീയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാണ് പഞ്ച് വിപണിയില്‍ എത്തുന്നത്. മിനി എസ്.യു.വി. ശ്രേണിയുടെ അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ കെ.യു.വി.100, മാരുതി സുസുക്കി ഇഗ്‌നീസ് തുടങ്ങിയ വാഹനങ്ങളാണ് പഞ്ചിന്റെ എതിരാളികള്‍. എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ കോംപാക്ട് എസ്.യു.വികളുമായും പഞ്ച് മിനി എസ്.യു.വി. മത്സരിക്കുമെന്നാണ് വിലയിരുത്തല്‍.

ഇംപാക്ട് 2.0 ഡിസൈന്‍ ലാംഗ്വജില്‍ ടാറ്റയുടെ അല്‍ഫ-ആര്‍ക്ക് അടിസ്ഥാനമാക്കി ആദ്യമായി ഒരുങ്ങിയിട്ടുള്ള എസ്.യു.വിയാണ് പഞ്ച്. ടാറ്റയുടെ നെക്സോണ്‍, ഹാരിയര്‍ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലാണ് പഞ്ച് ഒരുങ്ങിയിട്ടുള്ളത്. ഗ്രില്ലിന് പകരം ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള പാനല്‍, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള നേര്‍ത്ത ഡി.ആര്‍.എല്‍., ബംമ്പറില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഹെഡ്ലാമ്പ്, കോര്‍ണര്‍ലൈറ്റായും പ്രവര്‍ത്തിക്കുന്ന ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് പഞ്ചിന് മുഖത്തിന് സൗന്ദര്യമേകുന്ന പ്രധാന അലങ്കാര പണികള്‍. 

ഫീച്ചറുകള്‍ കുത്തിനിറയ്ക്കാതെ ചിട്ടയായാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. ഏഴ് ഇഞ്ച് വലിപ്പമുള്ള ഹര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ പാനല്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ സ്‌ക്രീന്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ധാരാളം സ്റ്റോറേജ് സ്പേസുകള്‍, മികച്ച സീറ്റുകള്‍ എന്നിങ്ങനെ വളരെ സമ്പന്നമായ ഒരു അകത്തളമാണ് പഞ്ചില്‍ ഒരുങ്ങിയിട്ടുള്ളത്. 

ടാറ്റയുടെ ടിയാഗോയില്‍ കരുത്തേകുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ റെവൊട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് പഞ്ചിന്റെയും ഹൃദയം. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ഗിയര്‍ബോക്സുകളാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. 3827 എം.എം. നീളം, 1742 എം.എം. വീതി, 1615 എം.എം. ഉയരം 2445 എം.എം. വീല്‍ബേസ്, 187 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് പഞ്ചിന്റെ അളവുകള്‍.

Content Highlights: Tata Punch Mini SUV Launched In India, Tata Punch Price Revealed