ന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിച്ച പഞ്ച് എസ്.യു.വി. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി. ഗോവയുടെ പ്രിന്‍സിപ്പല്‍ സ്‌പോണ്‍സറാകുന്നു. ടാറ്റ മോട്ടോഴ്‌സും ടീമും തമ്മിലുള്ള ധാരണ അനുസരിച്ച് കളികളത്തില്‍ ഇറങ്ങുന്ന ടീം അംഗങ്ങളുടെ ജേഴ്‌സിയില്‍ ടാറ്റ പഞ്ചിന്റെ ലോഗോ പതിപ്പിക്കും. എഫ്.സി. ഗോവയ്ക്കായി നിര്‍മിക്കുന്ന ഡിജിറ്റല്‍ കണ്ടന്റുകളിലും ടാറ്റ പഞ്ചിനെ ഉള്‍ക്കൊള്ളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐ.എസ്.എല്‍. മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമാണ് എഫ്.സി.ഗോവ. ഇവരുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന വിഭാഗം മേധാവി വിവേക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. കായിക രംഗത്തിന്റെ ഉയര്‍ച്ചയ്ക്കായി മികച്ച പ്രവര്‍ത്തനങ്ങളും എഫ്.സി. ഗോവയുടെ നേതൃത്വത്തില്‍ നടത്താറുണ്ട്. അതുകൊണ്ടുതന്നെ ഈ ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോവയുടെ അഭിമാനം ദേശീയതലത്തില്‍ ഉയര്‍ത്തുന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ടാറ്റ പഞ്ച് പോലൊരു ബ്രാന്റിന്റെ സഹകരണം കൂടി ലഭിക്കുന്നതോടെ ഈ ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. എഫ്.സി. ഗോവയ്ക്ക് ടാറ്റ മോട്ടോഴ്‌സ് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുകയാണെന്നും എഫ്.സി. ഗോവയുടെ പ്രസിഡന്റ് അക്ഷയ് ടാണ്ഡന്‍ അറിയിച്ചു. ഗോവയിലെ ഫുട്‌ബോളിന്റെ വികസനത്തിനും ടാറ്റ മോട്ടോഴ്‌സിന്റെ പിന്തുണ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സില്‍ നിന്ന് ഏറ്റവുമൊടുവില്‍ ഇന്ത്യയില്‍ എത്തിയ വാഹനമാണ് പഞ്ച് എന്ന മിനി എസ്.യു.വി. ഇംപാക്ട് 2.0 ഡിസൈന്‍ ലാംഗ്വജില്‍ ടാറ്റയുടെ അല്‍ഫ-ആര്‍ക്ക് അടിസ്ഥാനമാക്കി ആദ്യമായി ഒരുങ്ങിയിട്ടുള്ള എസ്.യു.വിയുമാണ് പഞ്ച്. പ്യൂവര്‍, അഡ്വഞ്ചര്‍, അക്കംബ്ലിഷ്ഡ്, ക്രീയേറ്റീവ് എന്നീ വേരിയന്റുകളില്‍ എത്തിയ പഞ്ചിന് 5.49 ലക്ഷം രൂപ മുതല്‍ 9.09 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. 

ടാറ്റയുടെ ടിയാഗോയില്‍ കരുത്തേകുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ റെവൊട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് പഞ്ചിന്റെയും ഹൃദയം. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ഗിയര്‍ബോക്‌സുകളാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. 3827 എം.എം. നീളം, 1742 എം.എം. വീതി, 1615 എം.എം. ഉയരം 2445 എം.എം. വീല്‍ബേസ്, 187 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് പഞ്ചിന്റെ അളവുകള്‍.

Content Highlights: Tata Punch become principal spencer of FC Goa In Hero ISL, Tata Punch, FC Goa, Hero ISL