സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ പതിവ്‌ തെറ്റിക്കാതെ ടാറ്റ കുടുംബത്തിലെ ഇളമുറക്കാരനും. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ മിനി എസ്.യു.വി. വാഹനമായ പഞ്ച് ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി. ടാറ്റ മോട്ടോഴ്‌സിന്റെ കോംപാക്ട് എസ്.യു.വിയായ നെക്‌സോണ്‍, പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസ് എന്നീ വാഹനങ്ങള്‍ മുമ്പ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയ വാഹനങ്ങളാണ്.

സുരക്ഷിതമായ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുകയെന്ന ടാറ്റ മോട്ടോഴ്‌സിന്റെ പദ്ധതിയുടെ തുടര്‍ച്ചയാണ് പഞ്ച് എന്നാണ് വിശേഷണം. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.45 പോയന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 40.89 പോയന്റും സ്വന്തമാക്കിയാണ് പഞ്ച് മിനി എസ്.യു.വി. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളാണ് ടാറ്റ ഇറക്കുന്നതെന്ന് ഗ്ലോബല്‍ എന്‍ക്യാപ് അധികൃതര്‍ അഭിപ്രായപ്പെട്ടു.

ടാറ്റ പഞ്ചിന്റെ അടിസ്ഥാന വേരിയന്റും ഉയര്‍ന്ന പതിപ്പും ഇടി പരീക്ഷയ്ക്ക് ഇറക്കിയിരുന്നു. ഇരു മോഡലിലും മികച്ച സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 64 കിലോമീറ്റര്‍ വേഗത്തിലാണ് പഞ്ച് ക്രാഷ് ടെസ്റ്റിന് വിദേശമാക്കിയത്. ഡ്യുവല്‍ എയര്‍ബാഗ്, എ.ബി.എസ്. ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ എന്നിവ പഞ്ചിന്റെ അടിസ്ഥാന മോഡല്‍ മുതല്‍ നല്‍കിയിട്ടുണ്ട്. ഹെഡ്, ചെസ്റ്റ് തുടങ്ങിയ ഭാഗങ്ങളില്‍ മികച്ച സുരക്ഷ ഈ വാഹനം ഉറപ്പാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പ്യൂവര്‍, അഡ്വഞ്ചര്‍, അക്കംബ്ലിഷ്ഡ്, ക്രീയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാണ് പഞ്ച് വിപണിയില്‍ എത്തുന്നത്. വാഹനത്തിന്റെ ശ്രേണിയുടെ അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ കെ.യു.വി.100, മാരുതി സുസുക്കി ഇഗ്‌നീസ് തുടങ്ങിയ വാഹനങ്ങളാണ് പഞ്ചിന്റെ എതിരാളികള്‍. പഞ്ചിന്റെ ബുക്കിങ്ങ് ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും കഴിഞ്ഞ ദിവസം തന്നെ ആരംഭിച്ചിരുന്നെങ്കിലും വില ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍. 

ടാറ്റയുടെ ടിയാഗോയില്‍ കരുത്തേകുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ റെവൊട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് പഞ്ചിന്റെയും ഹൃദയം. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ഗിയര്‍ബോക്സുകളാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. 3827 എം.എം. നീളം, 1742 എം.എം. വീതി, 1615 എം.എം. ഉയരം 2445 എം.എം. വീല്‍ബേസ്, 187 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് പഞ്ചിന്റെ അളവുകള്‍.

Content Highlights: Tata Punch Achieve 5 Star Rating In NCAP Crash Test