ടാറ്റയുടെ വാഹനങ്ങളില്‍ ഏറ്റവുമധികം ജനപ്രീതി സ്വന്തമാക്കിയ വാഹനമാണ് നെക്‌സോണ്‍ എന്ന കോംപാക്ട് എസ്‌യുവി. മികച്ച സുരക്ഷയും, വലിയ കരുത്തും ഉത്പാദിപ്പിക്കുന്ന ഈ വാഹനത്തിന് കുതിപ്പേകാന്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനുമെത്തുന്നു. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസില്‍ നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷനാണ് ഈ വാഹനത്തിനും നല്‍കുന്നത്. 

ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ മോഡലിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ ഓട്ടോ പോര്‍ട്ടലായ ടീം ബിഎച്ച്പിക്ക് ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പൂണെയിലെ ദേശീയപാതയിലാണ് ഡ്യുവല്‍ ക്ലെച്ച് നെക്‌സോണ്‍ പരീക്ഷണയോട്ടത്തിനിറങ്ങിയത്. കഴിഞ്ഞ ജനുവരിയില്‍ പുറത്തിറങ്ങിയ നെക്‌സോണിന്റെ മുഖം മിനുക്കിയ പതിപ്പിലാണ് ഡ്യുവല്‍ ക്ലെച്ച് നല്‍കിയിട്ടുള്ളത്.

നെക്‌സോണിന്റെ പെട്രോള്‍-ഡീസല്‍ എന്‍ജിന്‍ മോഡലുകളിലെ ഉയര്‍ന്ന വകഭേദത്തിലായിരിക്കും ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ ഒരുക്കുകയെന്നാണ് വിവരം. ഡ്യുവല്‍ ടോണ്‍ ഫിനീഷിങ്ങും അലോയി വീല്‍ ഉള്‍പ്പെടെയുള്ള വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

ടാറ്റ നെക്‌സോണില്‍ നിലവില്‍ നല്‍കിയിട്ടുള്ള എഎംടി ട്രാന്‍സ്മിഷനെക്കാള്‍ മികച്ച ഡ്രൈവിങ്ങ് അനുഭവമായിരിക്കും ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ നല്‍കുകയെന്നാണ് നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നത്. ടാറ്റയില്‍ നിന്ന് നിരത്തുകളിലെത്താനൊരുങ്ങുന്ന സെഡാന്‍, മിഡ്-സൈസ് എസ്‌യുവി, എംപിവി തുടങ്ങിയ പ്രീമിയം റേഞ്ച് വാഹനങ്ങളിലും ഈ ട്രാന്‍സ്മിഷന്‍ നല്‍കും.

നിലവില്‍ ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലാണ് നെക്‌സോണ്‍ എത്തുന്നത്. 118 ബിഎച്ച്പി പവറും 170 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 108 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് നെക്‌സോണ്‍ എത്തുന്നത്.

Content Highlights: Tata Nexon Test Run With Dual Clutch Transmission