ടാറ്റയില്‍ നിന്ന് ഏറ്റവുമധികം സുരക്ഷതമായ വാഹനവും എത്തിയിരിക്കുന്നു. ടാറ്റയുടെ കോംപാക്ട് എസ്‌യുവിയായ നെക്‌സോണ്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി. 

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ നിര്‍മിത വാഹനം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്. മുമ്പ് നടത്തിയ ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ നാലും കുട്ടികളുടേതില്‍ മൂന്നും റേറ്റിങ് നേടിയ നെക്‌സോണ്‍ ഇത്തവണ നിലമെച്ചപ്പെടുത്തിയിരിക്കുകയാണ്. 

ക്രാഷ് ടെസ്റ്റില്‍ മുന്‍നിര യാത്രക്കാരുടെ കാല്‍മുട്ടിന് ക്ഷതമേല്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ തവണ നെക്‌സോണിന്റെ റേറ്റിങ് ഫോര്‍ സ്റ്റാറില്‍ ഒതുങ്ങിയത്. എന്നാല്‍, ഇത്തവണ ഈ നില മാറിയെന്ന വിലയിരുത്തലിലാണ് മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കിയത്. കുട്ടികളുടെ സുരക്ഷയില്‍ മാറ്റമില്ല.

ഇടിയുടെ ആഘാതം ബോണറ്റ് പോര്‍ഷനില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ സാധിച്ചത് വാഹനത്തിന്റെ ബോഡിയുടെ കരുത്തിനെ കാണിക്കുന്നതാണ്. എ പില്ലറുകള്‍ക്കും കേടുപടുകള്‍ സംഭവിച്ചില്ല. അതേസമയം, പാസഞ്ചര്‍ ക്യാബിനിലുള്ളവര്‍ക്ക് നെക്സോണ്‍ ഒരുക്കുന്ന സുരക്ഷ പ്രശംസനീയമാണ്. 

ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ രൂപകല്‍പ്പനാശൈലി പിന്തുടര്‍ന്നിരിക്കുന്ന വാഹനമാണ് ടാറ്റാ നെക്സോണ്‍. ഡുവല്‍ ബീ എല്‍ഇഡി ഹെഡ്ലൈറ്റുകളും ഡിആര്‍എല്ലും ഹണികോമ്പ് ഡിസൈനിലുള്ള ഗ്രില്ലുമാണ് ടാറ്റാ നെക്സോണിനെ കാഴ്ചയില്‍ ആകര്‍ഷമാക്കുന്നത്. 

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് നെക്സോണ്‍ പുറത്തിറക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 1198 സിസിയില്‍ 110 പിഎസ് പവറും 170 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 1497 സിസിയില്‍ 110 പിഎസ് പവറും 260 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

6.16 ലക്ഷം മുതല്‍ 10.59 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുന്ന നെക്സോണ്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര ടി.യു.വി 300, മാരുതി വിറ്റാര ബ്രെസ്സ എന്നിവയുമായാണ് ടാറ്റാ നെക്സോണ്‍ മത്സരിക്കുന്നത്.

Content Highlights: Tata Nexon secures five-star rating in Global NCAP crash tests