ത് കാര്‍ പുറത്തിറക്കിയാലും പഴയ ഇന്‍ഡിക്കയുടെ മുഖഛായ മായാതെ നിലനില്‍ക്കും എന്ന ചീത്തപ്പേര് ടാറ്റയെ ഇന്നോളം വിടാതെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ ഡിസൈനല്‍ എല്ലാ വിമര്‍ശനങ്ങളെയും കാറ്റിപ്പറത്താന്‍ ടാറ്റ കുടുംബത്തിലെ പുതിയ അവതാരമാണ് നെക്‌സോണ്‍ എസ്‌യുവി. സെപ്റ്റംബര്‍ 21-ന് അരങ്ങേറ്റം കുറിക്കുന്ന നെക്‌സോണിന്റെ ബുക്കിങ്ങ് ഔദ്യോഗികമായി കമ്പനി ഇന്ന് ആരംഭിച്ചു. 5000 രൂപ ടോക്കണ്‍ നല്‍കി നെക്‌സോണ്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം. രാജ്യത്തെ വിവിധ ടാറ്റ ഷോറൂമുകളില്‍ സബ് ഫോര്‍ മീറ്റര്‍ കോംപാക്ട് എസ്.യു,വി നെക്‌സോണിനുള്ള അനൗദ്യഗിക ബുക്കിങ്ങുകള്‍ നേരത്തെ ആരംഭിച്ചിരുന്നു. മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് എന്നിവയ്ക്ക് ശക്തനായ എതിരാളിയാകും നെക്‌സോണ്‍. 

Nexon

ഒറ്റനോട്ടത്തില്‍ കിടിലന്‍ കോംപാക്ട് എസ്.യു.വി എന്ന വിശേഷണം അവകാശപ്പെടാനുള്ള രൂപഭംഗി നെക്സോണ്‍ സ്വന്തമാക്കിയിട്ടുണ്ട്. റേഞ്ച് റോവര്‍ ഇവോക്കിന്റെ ചില ഡിസൈന്‍ പ്രിന്‍സിപ്പിള്‍ നെക്‌സോണില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. അതിനാല്‍തന്നെ കണ്ടുമടുത്ത പതിവ് ടാറ്റ മുഖഛായ നെക്‌സോണില്‍ പ്രകടമല്ല. ടാറ്റയുടെ രഞ്ജഗോവന്‍ നിര്‍മാണ കേന്ദ്രത്തിലാണ് അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗിമിക്കുന്നത്. ടിയാഗോ, ടിഗോര്‍, ഹെക്‌സ എന്നിവയിക്ക് ശേഷം ഇംപാക്ട് ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നാലാമത്തെ മോഡലാണ് നെക്‌സോണ്‍. ടാറ്റ ബ്രാന്‍ഡില്‍ എത്തുന്ന ആദ്യ സബ്-ഫോര്‍ മീറ്റര്‍ എസ്.യു.വിയും ഇവനാണ്.

പെട്രോല്‍-ഡീസല്‍ എന്‍ജിനില്‍ XE, XM, XT, XZ + എന്നീ നാല് വകഭേദങ്ങളില്‍ നെക്‌സോണ്‍ വിപണിയിലെത്തും. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ 5000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 2000-4000 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എഞ്ചിന്‍ 3750 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 1500-2750 ആര്‍പിഎമ്മില്‍ 260 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. രണ്ടിലും 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. രണ്ടാം ഘട്ടത്തില്‍ ഓട്ടോമാറ്റിക് പതിപ്പും അവതരിപ്പിക്കും. എക്കോ, സിറ്റി, സ്‌പോര്‍ട്ട് എന്നീ മൂന്നു ഡ്രൈവിങ് മോഡില്‍ ഈ സബ്-ഫോര്‍ മീറ്റര്‍ എസ്.യു.വി നിയന്ത്രിക്കാം. 

Nexon

കൂപ്പെ രൂപത്തോട് ഇണങ്ങിനില്‍ക്കുന്ന എയറോഡൈനാമിക് രൂപമാണ് വാഹനത്തിനുള്ളത്. അല്‍പം പ്രീമിയം ലുക്ക് നല്‍കുന്നതാണ് അകത്തളം. സെന്റര്‍ കണ്‍സോളിലും ഡോറിലുമായി വെള്ളവും മാറ്റും സൂക്ഷിക്കാന്‍ ധാരാളം സ്‌പേസുണ്ട്. ഡാഷ്‌ബോര്‍ഡില്‍ 6.5 ഇഞ്ച് ഫ്‌ളോട്ടിങ് ടച്ച്‌സ്‌ക്രീന്‍ സ്ഥാനംപിടിച്ചു. സുരക്ഷ നല്‍കാന്‍ മുന്നില്‍ ഡ്രൈവര്‍-പാസഞ്ചര്‍ സൈഡ് എയര്‍ബാഗ്, ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ ആവശ്യക്കാരുള്ള കോംപാക്ട് എസ്.യു.വി ശ്രേണിയിലേക്കെത്തുന്ന നെക്‌സോണിന്റെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല. 6.50 ലക്ഷം രൂപ മുതല്‍ 10.50 ലക്ഷം വരെയാകും വാഹനത്തിന്റ എക്‌സ്‌ഷോറൂം വില എന്നാണ് സൂചന.