ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്‌യുവി എന്ന ഖ്യാതി സ്വന്തമാക്കിയ വാഹനമാണ് ടാറ്റയുടെ നെക്‌സോണ്‍ ഇവി. ഫീച്ചറുകളിലും റേഞ്ചിലും എതിരാളികള്‍ക്ക് ശക്തമായ മത്സരം സൃഷ്ടിക്കുന്ന ഈ വാഹനം മാര്‍ച്ചിലെ ടോപ്പ് സെല്ലിങ്ങ് ഇലക്ട്രിക് വാഹനം എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ്. നെക്‌സോണ്‍ ഇവിയുടെ 198 യൂണിറ്റാണ് മാര്‍ച്ചില്‍ നിരത്തിലെത്തിയത്.
കൊറോണ വൈറസ് വ്യാപനവും അതേതുടര്‍ന്നുണ്ടായ ലോക്ക്ഡൗണും ഇന്ത്യയിലെ വാഹനവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നെക്‌സോണ്‍ ഇവിയുടെ എതിരാളികളായ എംജി ഇസഡ്എസ് ഇവിക്കും ഹ്യുണ്ടായി കോനയ്ക്കും കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. എംജിയുടെ 116 യൂണിറ്റും കോനയുടെ 14 യൂണിറ്റുമാണ് മാര്‍ച്ചില്‍ നിരത്തിലെത്തിയത്.
XM, XZ+, XZ+LUX എന്നീ മൂന്ന് വേരിയന്റുകളിലായെത്തുന്ന നെക്‌സോണ്‍ ഇവിക്ക് 13.99 ലക്ഷം മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ് എന്‍ട്രി, ഡ്രൈവ്, സ്‌പോട്ട് ഡ്രൈവിങ്ങ് മോഡുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഉയര്‍ന്ന വേരിയന്റില്‍ നല്‍കും.
ടാറ്റ വികസിപ്പിച്ചെടുത്ത സിപ്‌ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്‌സോണ്‍ ഇവി ഒരുങ്ങിയിരിക്കുന്നത്. ഐപി 67 സര്‍ട്ടിഫൈഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.
ഒറ്റത്തവണ ചാര്‍ജിലൂടെ നെക്‌സോണ്‍ ഇവി 312 കിലോമീറ്ററാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. ഇന്ത്യയില്‍ എംജിയുടെ ZS ഇലക്ട്രിക്, ഹ്യുണ്ടായി കോന എന്നീ വാഹനങ്ങളാണ് ടാറ്റ നെക്‌സോണ്‍ ഇവിയുടെ പ്രധാന എതിരാളികള്‍. ടാറ്റയില്‍ നിന്ന് നിരത്തിലെത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് നെക്‌സോണ്‍. സെഡാന്‍ മോഡലായ ടിഗോറാണ് ആദ്യം ഇലക്ട്രിക് കരുത്തിലെത്തിയത്.
Content Highlights: Tata Nexon EV; Top Selling Electric SUV In March