ടാറ്റ നെക്സോൺ ഇ.വി. മാക്സ് | Photo: Twitter
ഇലക്ട്രിക് കാറുകളിലെ ടോപ്പ് സെല്ലിങ്ങ് മോഡല്‍, ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന ഇലക്ട്രിക് എസ്.യു.വി. തുടങ്ങി ഒരുപിടി വിശേഷങ്ങളുള്ള വാഹനമാണ് ടാറ്റയുടെ നെക്സോണ്‍ ഇ.വി. റേഞ്ചിന്റെ കാര്യത്തില്‍ മാത്രം എതിരാളികളെക്കാള്‍ പിന്നിലായിരുന്ന ഈ വാഹനം ആ കുറവും നികത്തി എത്തിയിരിക്കുകയാണ് നെക്സോണ്‍ ഇ.വി. മാക്സ് എന്ന പുതിയ പതിപ്പിലൂടെ. രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 17.74 ലക്ഷം രൂപ മുതല്‍ 19.24 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് നെക്സോണ്‍ ഇ.വിയില്‍ നല്കിയിരുന്നതെങ്കില് നെക്സോണ്‍ ഇ.വി. മാക്സില്‍ അത് 437 കിലോമീറ്ററാണെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 40.5 kWh ബാറ്ററി പാക്കാണ് പുതിയ നെക്സോണ്‍ ഇ.വി. മാക്സില്‍ നല്‍കിയിട്ടുള്ളത്. 3.3 kW ചാര്‍ജര്‍, 7.2 kW AC ഫാസ്റ്റ് ചാര്‍ജര്‍ എന്നീ രണ്ട് ചാര്‍ജിങ്ങ് ഓപ്ഷനുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. XZ+, XZ+ Lux എന്നീ രണ്ട് വേരിയന്റുകളിലാണ് ഇ.വി. മാക്സ് ഒരുക്കിയിരിക്കുന്നത്.
ഡിസൈനിലും നെക്സോണ്‍ ഇ.വിക്ക് സമാനമായാണ് പുതിയ മോഡലും ഒരുങ്ങിയിട്ടുള്ളത്. ഗ്രില്ല് ലൈറ്റുകള്‍, ബമ്പര്‍, സ്കിഡ് പ്ലേറ്റ്, മറ്റ് ആക്സെന്റുകള്‍ തുടങ്ങിയവയെല്ലാം റെഗുലര്‍ ഇ.വിയില്‍ നിന്ന് കടംകൊണ്ടവയാണ്. മാക്സ് ബാഡ്ജിങ്ങ് മാത്രമാണ് എക്സ്റ്റീരിയറില്‍ അധികമായി സ്ഥാനം പിടിച്ചിരിക്കുന്നത്. ഡേടോണ ഗ്രേ, പ്രിസ്റ്റൈന്‍ വൈറ്റ് എന്നീ നിറങ്ങള്‍ക്ക് പുറമെ, നെക്സോണ്‍ ഇ.വി. മാക്സിന് മാത്രമായി ഇന്റെന്സി- ടീല്‍ എന്ന പുതിയ നിറവും ടാറ്റ ഒരുക്കിയിട്ടുണ്ട്. ഡ്യുവല്‍ ടോണ്‍ സ്റ്റാന്റേഡ് ഫീച്ചറാണ്.

അകത്തളത്തിന്റെ രൂപത്തിലും കാര്യമായ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, മോഡുകളും മറ്റും കാണിക്കുന്ന ഡിസ്പ്ലേ യൂണിറ്റിനൊപ്പം പുതിയ റോട്ടറി ഡയല് കൂടി നല്കി സെന്റര്‍ കണ്‍സോളിന്റെ ഡിസൈനില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. മകരാന ബീജ് നിറമാണ് അകത്തളത്തിന്റെ ഭാവം. വെന്റിലേഷനോട് കൂടിയ ലെതര്‍ സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, വയര്‍ലെസ് ചാര്‍ജിങ്ങ്, ഓട്ടോ-ഡിമ്മിങ്ങ് ഐ.ആര്.വി.എം, ക്രൂയിസ് കണ്ട്രോള് തുടങ്ങിയ ഫീച്ചറുകള്‍ അകത്തളം സമ്പന്നമാക്കുന്നുണ്ട്.
ഇക്കോ, സിറ്റി, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡുകളാണ് നെക്സോണ്‍ ഇ.വി. മാക്സില്‍ നല്‍കിയിട്ടുള്ളത്. ഈ വാഹനത്തിലെ ഇസഡ് കണക്ട് 2.0 കണക്ടഡ് കാര്‍ സാങ്കേതികവിദ്യയില്‍ എട്ട് പുതിയ ഫീച്ചറുകള്‍ കൂടി നല്‍കിയിട്ടുണ്ട്. മെച്ചപ്പെട്ട ഡ്രൈവിങ്ങ് അനുഭവം ഒരുക്കുന്നതിനായി 48 കണ്ക്ടഡ് കാര്‍ ഫീച്ചറുകളാണ് നെക്സോണ്‍ ഇ.വി. മാക്സില്‍ കൊണ്ടുവന്നിട്ടുള്ളത്. സ്മാര്‍ട്ട് വാച്ച് ഇന്റഗ്രേഷന്‍, പ്രതിമാസ വാഹന റിപ്പോര്‍ട്ട് തുടങ്ങിയവ ഈ വാഹനത്തില്‍ അധികമായി ഒരുങ്ങിയിട്ടുള്ള സംവിധാനങ്ങളാണ്.
40.5 kWh ലിഥിയം അയേണ്‍ ബാറ്ററി പാക്കിനൊപ്പം പെര്‍മനന്റ് മാനേജ്മെന്റ് സിംക്രണസ് എ.സി. മോട്ടോറാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 141 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9.0 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഈ വാഹനത്തിന് സാധിക്കും. റെഗുലര്‍ ചാര്‍ജര്‍ ഉപയോഗിച്ച് 6.5 മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തില്‍ 56 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം.
Content Highlights: tata nexon ev max tata electric suv, tata Nexon ev max, tata motors
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..