ന്ത്യന്‍ വാഹനനിര്‍മാതാക്കളായ ടാറ്റയില്‍ നിന്ന് രണ്ടാമത്തെ ഇലക്ട്രിക് വാഹനവും പുറത്തിറങ്ങുകയാണ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്ന ഒറ്റ വിശേഷണത്തിലൂടെ ജനമനസുകള്‍ കീഴടക്കിയ നെക്‌സോണാണ് ടാറ്റയുടെ ഇലക്ട്രിക് ശ്രേണിയിലെ രണ്ടാമന്‍. ഡിസംബര്‍ 16-ന് ഇ-നെക്‌സോണ്‍ അവതരിപ്പിച്ചേക്കും. 

അടുത്ത മാസം അവതരിപ്പിക്കുമെങ്കിലും 2020 ഓട്ടോ എക്‌സ്‌പോയിലായിരിക്കും ഈ വാഹനം പ്രദര്‍ശനത്തിനെത്തുക. ടിഗോറില്‍ നിന്ന് വ്യത്യസ്തമായ ഈ വാഹനം തുടക്കത്തില്‍ തന്നെ ഉപയോക്താക്കളിലെത്തും. ടാറ്റ ടിഗോറിന്റെ ഇലക്ട്രിക് പതിപ്പ് ആദ്യഘട്ടമെന്നോണം ഗവണ്‍മെന്റ് സര്‍വീസുകള്‍ക്കാണ് എത്തിച്ചിട്ടുള്ളത്. 

രൂപത്തില്‍ റഗുലര്‍ നെക്‌സോണിന് സമാനമാണ് ഇലക്ട്രിക് വകഭേദം. അടുത്തിടെ ടാറ്റ അവതരിപ്പിച്ച സിപ്‌ട്രോണ്‍ ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ കൂടിയാണിത്. റഗുലര്‍ നെക്സോണിലെ ഫ്യുവല്‍ ലിഡിന് പിന്നിലായാണ് ഇലക്ട്രിക്കിലെ ചാര്‍ജിങ് പോര്‍ട്ട്. 

ഹാരിയര്‍ എസ്.യു.വിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തിലുള്ളത്. സ്മാര്‍ട്ട് ഫോണ്‍ ആപ്പ് കണക്റ്റിവിറ്റി വാഹനത്തിലുണ്ട്. ബാറ്ററി സ്റ്റാറ്റസ്, റേഞ്ച് എന്നിവ ഇതിലൂടെ അറിയാന്‍ സാധിക്കും. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്സും വാഹനത്തിലുണ്ടാകും. 

ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ റേഞ്ച് നെക്‌സോണ്‍ ഇലക്ട്രിക്കില്‍ നല്‍കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഇതിലെ ലിക്വിഡ് കൂള്‍ഡ് ലിഥിയം അയേണ്‍ ബാറ്ററി, ഇലക്ട്രിക് മോട്ടോറിന് എട്ട് വര്‍ഷത്തെ വാറണ്ടി ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിവേഗ ചാര്‍ജിങ് സൗകര്യം വാഹനത്തില്‍ ഉള്‍പ്പെടുത്തും. 

ഏത് 15 ആംപിയര്‍ പ്ലഗ്ലിലും വാഹനം ചാര്‍ജ് ചെയ്യാം. 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം വരെ വാഹനത്തിന് വില പ്രതീക്ഷിക്കാമെന്ന് ടാറ്റ വ്യക്തമാക്കുന്നു. വൈകാതെ വിപണിയിലെത്തുന്ന മഹീന്ദ്ര XUV300 ഇലക്ട്രിക് മോഡലായിരിക്കും നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ പ്രധാന എതിരാളി.

Content Highlights: Tata Nexon Electric to Debut on December 16