സ്റ്റൈലിലും കരുത്തിലും മാത്രമല്ല സുരക്ഷയിലും കേമനാണെന്ന് തെളിയിച്ച് ടാറ്റയുടെ കോംപാക്ട് എസ്‌യുവി നെക്‌സോണ്‍. സുരക്ഷ റേറ്റിങ് പരിശോധിക്കുന്നതിനായി ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം നടത്തിയ ക്രാഷ് ടെസ്റ്റില്‍ ടാറ്റാ നെക്‌സോണ്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ നാലും കുട്ടികളുടെ സുരക്ഷയില്‍ മൂന്നും സ്റ്റാര്‍ നേടി.  

ജര്‍മനിയിലെ മ്യൂണിക് എഡിഎസി ലാബാണ് ക്രാഷ് ടെസ്റ്റിന് വേദിയായത്. 64 കിലോമീറ്റര്‍ വേഗതയിലോടിച്ചാണ് വാഹനം ഇടിച്ചത്. ഡുവല്‍ എയര്‍ബാഗ്, എബിഎസ് ബ്രേക്കിങ് സംവിധാനം, ചൈല്‍ഡ് റെസ്ട്രന്‍ഡ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളുള്ള നെക്‌സോണാണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചത്. 

ഇടിയുടെ ആഘാതം ബോണറ്റ് പോര്‍ഷനില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ സാധിച്ചത് വാഹനത്തിന്റെ ബോഡിയുടെ കരുത്തിനെ കാണിക്കുന്നതാണ്. എ പില്ലറുകള്‍ക്കും കേടുപടുകള്‍ സംഭവിച്ചില്ല. എന്നാല്‍ പാസഞ്ചര്‍ ക്യാബിനിലുള്ളവര്‍ക്ക് നെക്‌സോണ്‍ ഒരുക്കുന്ന സുരക്ഷ പ്രശംസനീയമാണ്. 

സാധാരണ അപകടത്തില്‍ തലയ്ക്കും കഴുത്തിനുമാണ് കൂടുതല്‍ പരിക്കേല്‍ക്കുന്നത്. എന്നാല്‍, രണ്ട് നിര സീറ്റുകളിലെയും യാത്രക്കാര്‍ക്ക് നെക്‌സോണ്‍ മികച്ച സുരക്ഷയാണ് ഒരുക്കുന്നത്. ചൈല്‍ഡ് റെസ്ട്രന്‍ഡ് സിസ്റ്റത്തിന്റെ പിന്തുണയില്‍ 18 മാസം പ്രായമായ കുഞ്ഞിന് മികച്ച സുരക്ഷയേകാന്‍ നെക്‌സോണിനായി. 

സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യന്‍ കാറുകള്‍ പിന്നിലാണെന്ന് ആക്ഷേപത്തെ പൂര്‍ണമായും തള്ളുന്നതാണ് നെക്‌സോണിന്റെ ക്രാഷ് ടെസ്റ്റ് ഫലം. ഇന്ത്യന്‍ നിരത്തിലെ നിറസാന്നിധ്യമായ എത്തിയോസും പോളൊയും മുമ്പ് സമാനമായ നേട്ടം കൈവരിച്ചിരുന്നു. 

ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ രൂപകല്‍പ്പനാശൈലി പിന്തുടര്‍ന്നിരിക്കുന്ന വാഹനമാണ് ടാറ്റാ നെക്‌സോണ്‍. ഡുവല്‍ ബീ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ഡിആര്‍എല്ലും ഹണികോമ്പ് ഡിസൈനിലുള്ള ഗ്രില്ലുമാണ് ടാറ്റാ നെക്‌സോണിനെ കാഴ്ചയില്‍ ആകര്‍ഷമാക്കുന്നത്. 

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് നെക്‌സോണ്‍ പുറത്തിറക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ 1198 സിസിയില്‍ 110 പിഎസ് പവറും 170 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 1497 സിസിയില്‍ 110 പിഎസ് പവറും 260 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 

6.16 ലക്ഷം മുതല്‍ 10.59 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില വരുന്ന നെക്‌സോണ്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട്, മഹീന്ദ്ര ടി.യു.വി 300, മാരുതി വിറ്റാര ബ്രെസ്സ എന്നിവയുമായാണ് ടാറ്റാ നെക്‌സോണ്‍ മത്സരിക്കുന്നത്.

Content Highlights: Tata Nexon Compact SUV Awarded 4-Star Safety Rating at Global NCAP Crash Test