നിരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ ജനപ്രിയനായ ടാറ്റ നെക്‌സോണിന്റെ പുതിയ AMT പതിപ്പ് പുറത്തിറങ്ങി. പെട്രോള്‍ മോഡലിന് 9.41 ലക്ഷം രൂപയും ഡീസലിന് 10.38 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. നെക്‌സോണ്‍ ഹൈപ്പര്‍ഡ്രൈവ് S-SG (സെല്‍ഫ് - ഷിഫ്റ്റ് ഗിയേഴ്‌സ്) എന്നാണ് വാഹനത്തിന് കമ്പനി നല്‍കിയ വിശേഷണം. 

ZXA+ എന്ന വകഭേദത്തില്‍ മാത്രമാണ് AMT ലഭ്യമാകുക. ട്രാന്‍സ്മിഷന്‍ മാറി എന്നതൊഴിച്ചാല്‍ പുറംമോടിയിലും അകത്തളത്തും മറ്റു മാറ്റങ്ങളൊന്നുമില്ല. പുതിയ ഓറഞ്ച്-സോണിക് സില്‍വര്‍ റൂഫ് ഡ്യൂവല്‍ ടോണ്‍ നിറത്തില്‍ നെക്‌സോണ്‍ AMT നിരത്തിലെത്തും. XZ+ വേരിയന്റിന് സമാനമാണ് ഫീച്ചേഴ്‌സ്. വ്രിസ്റ്റ്ബാന്‍ഡായി കൈയില്‍ കെട്ടാവുന്ന തരത്തിലാണ് AMT-യുടെ സ്മാര്‍ട്ട് കീ. 

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 5000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി പവറും 1750-4000 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 3750 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി പവറും 1500-2750 ആര്‍പിഎമ്മില്‍ 260 എന്‍എം ടോര്‍ക്കും നല്‍കും. 6 സ്പീഡ് AMT -യാണ് ട്രാന്‍സ്മിഷന്‍. മാനുവലിന് സമാനമായി എക്കോ, സിറ്റി, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡ് എ.എം.ടി.യിലും ലഭിക്കും. 

Tata Nexon AMT

Content Highlights; Tata Nexon AMT launched in India