എസ്.യു.വി. എന്നാല്‍ എങ്ങിനെയിരിക്കണമെന്ന് ഇന്ത്യയെ ആദ്യം പഠിപ്പിച്ച വാഹനമായിരുന്നു 'സഫാരി'. ഇന്ത്യന്‍ റോഡുകള്‍ക്ക് പരിചിതമായിരുന്നില്ല ആ രൂപം. കാരണം കുഞ്ഞുകാറുകളെയും നീണ്ടുപരന്ന സെഡാനുകളുമൊക്കെയായിരുന്നു അക്കാലത്ത് ഇന്ത്യന്‍ റോഡുകളിലുണ്ടായിരുന്നത്. തലയുയര്‍ത്തി നില്‍ക്കുന്ന കൊമ്പനായിട്ടായിരുന്നു ടാറ്റ 'സഫാരി'യെ 1998-ല്‍ കൊണ്ടുവന്നത്. എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനയെപ്പോലെ എവിടെപ്പോയാലും 'സഫാരി'ക്ക് കാഴ്ചക്കാരുണ്ടായി. എന്നാല്‍, 2019-ല്‍ 'സഫാരി'യുടെ ഉത്പാദനം കമ്പനി നിര്‍ത്തി.

പിന്നീടായിരുന്നു ടാറ്റയുടെ മുഖംമാറല്‍ പ്രകിയ. പ്ലാറ്റ്‌ഫോമിലും ഡിസൈനിലുമെല്ലാം വിപ്ലവം പിറന്നു. 'ടിയാഗോ'യും 'ഹാരിയറു'മടക്കമുള്ള പുതുനിരകള്‍ വിപണിയെ കുലുക്കിത്തുടങ്ങി. 2019-ലെ ജനീവ മോട്ടോര്‍ഷോയില്‍ 'ഗ്രാവിറ്റാസ്' എന്ന പേരില്‍ ഏഴു സീറ്റര്‍ എസ്.യു.വി.യെ ടാറ്റ അവതരിപ്പിച്ചു. എന്നാല്‍, രണ്ട് വര്‍ഷത്തിനു ശേഷം വിപണിയെ ഞെട്ടിച്ചുകൊണ്ട് ആ ഏഴുസീറ്ററിന് 'സഫാരി' എന്ന പേരു നല്‍കിയത്. ഹാരിയറിന് വാല്‍ മുളച്ചതെന്ന് മാത്രം പറഞ്ഞ് ഒതുക്കിക്കളയാനാവില്ല 'സഫാരി'യെ. തന്റേതായ വ്യക്തിത്വം കൊണ്ട് ഏഴു സീറ്ററുകളുടെ വിഭാഗത്തില്‍ എതിരാളികള്‍ക്ക് ശരിക്കും വെല്ലുവിളിയുയര്‍ത്തുകയാണ് പുതിയ 'സഫാരി'.

കാഴ്ച

പഴയ 'സഫാരി'യെക്കുറിച്ച് ചിന്തിക്കുകയേ അരുത്. കാരണം, അജഗജാന്തരമാണ് വിത്യാസം. രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ല. കാഴ്ചയിലും പ്രകൃതത്തിലും വേണമെങ്കില്‍ ഹാരിയറിന്റെ ചേട്ടന്‍ എന്നു വിളിക്കാം. ഏഴുപേര്‍ക്കിരിക്കാവുന്ന ഹാരിയര്‍. കറുപ്പില്‍ വെള്ളി ആവരണമണിഞ്ഞ മൂന്ന് അമ്പുകള്‍. 'ട്രൈ ആരോ' എന്ന് ടാറ്റ വിളിക്കുന്ന ഗ്രില്‍ തന്നെയാണ് 'സഫാരി'യുടെ ഹൈലൈറ്റ്. ഫ്‌ളോട്ടിങ് ഇന്‍ഡിക്കേറ്ററുമെല്ലാം ചേര്‍ന്ന് ഒരു ആനച്ചന്തം 'സഫാരി'ക്കുമുണ്ട്. വശങ്ങളില്‍ നിന്ന് നോക്കിയാലാണ് ഹാരിയറില്‍ നിന്നുള്ള വിത്യാസം മനസ്സിലാവുക. 70 മില്ലീമീറ്റര്‍ നീളം കൂടിയത് ഇവിടെ കാണാം. 

Tata Safari

എന്നാല്‍, വീല്‍ ബേസില്‍ മാറ്റമില്ലാത്തതിനാല്‍ അകത്ത് സ്ഥലം കൂടിയിട്ടുമില്ല. ഹാരിയറിന്റെ അതേ സ്ഥലത്ത് എങ്ങനെ രണ്ട് സീറ്റുകള്‍ കൂടി ഒപ്പിച്ചു എന്നതിലാണ് മായാജാലം. മേല്‍പ്പുറം അല്‍പ്പം ഉയര്‍ത്തിയാണ് പിന്നോട്ട് നീങ്ങുന്നത്. അതു മനസ്സിലാക്കാതിരിക്കാന്‍ റൂഫ് റെയിലില്‍ ചെറിയൊരു കളി കളിച്ചിട്ടുണ്ട്. മുന്‍ഭാഗത്തെ റൂഫ് റെയില്‍ പിന്നിലേക്കെത്തുമ്പോള്‍ ഉയരം കൂടിയതായികാണാം. പിന്നില്‍ ചെറിയൊരു ബോക്‌സിയായിട്ടുണ്ട്. ഹാരിയറിനേക്കാളും അല്‍പ്പം ഒതുങ്ങിയോ എന്ന് സംശയം, ടെയില്‍ ലൈറ്റുകളും ക്രോം ലൈനിങ്ങും കൊണ്ടാണെന്ന് തോന്നുന്നു.

ഉള്‍വശം

ഉള്ളിലാകട്ടെ നിറത്തില്‍ ഹാരിയറില്‍ നിന്ന് മാറ്റം വന്നിട്ടുണ്ട്. വെള്ള അധികമായി വന്നു. ഹാരിയറിലെ ബ്രൗണ്‍ കളര്‍ സീറ്റുകള്‍ക്ക് പകരമായി വെളുപ്പ്. ഡാഷ്‌ബോര്‍ഡിലാകട്ടെ 'ആഷ് വുഡ്' എന്ന് ടാറ്റ വിളിക്കുന്ന ചാര നിറത്തില്‍ വുഡ്‌സ്‌റ്റൈലുള്ള പാനല്‍ വന്നു. പിന്നെ, മുകള്‍ ഭാഗം കറുപ്പും സെന്‍ട്രല്‍ കണ്‍സോളിനടുത്ത് സില്‍വര്‍ ലൈനിങ്ങും വന്നു. ആം റെസ്റ്റ് തണുപ്പിക്കുന്നുണ്ട്. നടുക്ക് 8.8 ഇഞ്ച് ഫ്‌ളോട്ടിങ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമുണ്ട്, മൂന്ന് സ്‌പോക്ക് സ്റ്റിയറിങ് വീല്‍, 9 സ്പീക്കറുകളുള്ള ജെ.ബി.എല്‍. മ്യൂസിക് സിസ്റ്റം. മുന്‍ഭാഗത്ത് ഏഴിഞ്ചിന്റെ ടി. എഫ്.ടി. സ്‌ക്രീനില്‍ വാഹനത്തിന്റെ വിവരങ്ങള്‍ കാണാം. 

Tata Safari

ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, പനോരമിക് സണ്‍റൂഫ് തുടങ്ങി ഫീച്ചറുകളുടെ മേളമാണ് ഉള്ളില്‍. ആദ്യ രണ്ട് നിരകളിലിരുന്നാല്‍ ഹാരിയര്‍ തന്നെ. അധികമായി വന്ന മൂന്നാം നിരയിലേക്ക് കടക്കണമെങ്കില്‍ സീറ്റ് മടക്കണം. അവിടെ അത്യാവശ്യം സ്ഥലമുണ്ട്. കുട്ടികള്‍ക്ക് ലാവിഷായിരിക്കും. കാലിന് നീളമുള്ളവരാണെങ്കില്‍ രണ്ടാം നിരക്കാര്‍ കനിയണം. മൂന്നാം നിരയുടെ ഗുണമെന്ന് പറയുന്നത് നല്ല കാഴ്ചയാണ്. ഒരിക്കലും ഒരു ഇടുക്കില്‍ ഇരിക്കുന്ന ഫീലില്ല. വശങ്ങളിലുള്ള ചില്ലും ആവശ്യത്തിന് വലിപ്പമുണ്ട്. മൂന്നാം നിരയിലും എ.സി വെന്റും കണ്‍ട്രോള്‍ യൂണിറ്റും ചാര്‍ജിങ് പോര്‍ട്ടുമെല്ലാമുണ്ട്.

ഡ്രൈവ്

ഹാരിയറിലെ രണ്ടു ലീറ്റര്‍, ക്രയോടെക് ഡീസല്‍ എന്‍ജിന്‍ തന്നെയാണ് സഫാരിയിലും. 168 ബി.എച്ച്.പി. വരെ കരുത്തും 350 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ള എന്‍ജിന് കൂട്ടായി ആറ്് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള വണ്ടിയാണ് ഓടിച്ചത്. ഹാരിയറില്‍ ഇതിന്റെ പ്രകടനം കണ്ടതാണ്. എന്‍ജിന്റെ പവറിലും പ്ലാറ്റ്‌ഫോമിലും മാറ്റമൊന്നും വരുത്തിയിട്ടില്ല. നല്ല കാഴ്ചയുണ്ട്. 18 ഇഞ്ച് ടയറുകള്‍ റോഡിലെ കുഴികള്‍ പ്രശ്‌നമാക്കുന്നില്ല. ഡ്രൈവ് മോഡുകള്‍ ആവശ്യത്തിന് ഉപയോഗിച്ചാല്‍ ഡ്രൈവ് സുഖകരമാക്കാം. എന്‍ജിന്‍ ശബ്ദവും കുറവാണ്. സസ്‌പെന്‍ഷന്‍ തയ്യാറാക്കിയിരിക്കുന്നത് ഇംഗ്ലണ്ടിലെ ലോട്ടസാണ്. ആറ് എയര്‍ബാഗുകളടക്കം സുരക്ഷയ്ക്കും സാധാരണപോലെ ടാറ്റ വിട്ടുവീഴ്ച ചെയ്തിട്ടില്ല. വാഹനത്തിന് 14.69 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില.

Content Highlights: Tata New SUV Safari Test Drive Review, Mathrubhumi Auto Drive