ടാറ്റ മോട്ടോഴ്‌സ് ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കിയിട്ടുള്ള കുഞ്ഞന്‍ എസ്.യു.വിയുടെ പേരും ചിത്രവും ഔദ്യോഗികമായി വെളിപ്പെടുത്തി. എച്ച്.ബി.എക്‌സ്. എന്ന കോഡ്‌നാമത്തില്‍ നിര്‍മിച്ചിരുന്ന ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പിന് ടാറ്റ പഞ്ച് എന്ന് പേര് നല്‍കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ മുമ്പ് പുറത്ത് വന്നിരുന്നെങ്കിലും ഔദ്യോഗികമായി ഈ വാഹനത്തിന്റെ പൂര്‍ണ ചിത്രവും ടാറ്റ മോട്ടോഴ്‌സ് പുറത്തു വിട്ടിരിക്കുകയാണ്.

ഈ വാഹനത്തിന്റെ വരവ് അടുത്തെന്ന സൂചനയുമാണ്‌ ചിത്രവും പേരും വെളിപ്പെടുത്തിയതിലൂടെ ടാറ്റ മോട്ടോഴ്‌സ് നല്‍കുന്നത്. സെപ്റ്റംബര്‍ അവസാനത്തോടെയോ ഒക്ടോബര്‍ ആദ്യമോ ഈ വാഹനം വിപണിയില്‍ എത്തി തുടങ്ങുമെന്നാണ് അഭ്യൂഹങ്ങള്‍. 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് പ്രദര്‍ശനത്തിനെത്തുന്നത്. ആ ഉത്സവ സീസണില്‍ തന്നെ ഈ മോഡല്‍ വിപണിയില്‍ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി ഇതിന് തടസമായി.

ഇംപാക്ട് 2.0 ഡിസൈന്‍ ലാംഗ്വജില്‍ ടാറ്റയുടെ അല്‍ഫ-ആര്‍ക്ക് അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ആദ്യ എസ്.യു.വിയാണ് പഞ്ച്. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസാണ് അല്‍ഫ പ്ലാറ്റ്‌ഫോമില്‍ എത്തിയ ആദ്യ വാഹനം. പുതുതലമുറ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഡിസൈന്‍ ശൈലിയാണ് ഈ വാഹനത്തില്‍ പിന്തുടര്‍ന്നിട്ടുള്ളതെന്നാണ് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും പുതുതലമുറയുടെ താത്പര്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടാന്നാണ് സൂചന.

കണ്‍സെപ്റ്റ് മോഡലിനോട് നീതി പുലര്‍ത്തിയാണ് പ്രൊഡക്ഷന്‍ പതിപ്പും എത്തിയിട്ടുള്ളത്. എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ബമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഹെഡ്‌ലാമ്പ്, ക്രോമിയം ലൈനുകള്‍ നല്‍കി അലങ്കരിച്ചിട്ടുള്ള നെക്‌സോണിലേതിന് സമാനമായ ഗ്രില്ല്, ക്ലാഡിങ്ങ് നല്‍കി റഫ് ലുക്ക് നല്‍കിയിട്ടുള്ള ബമ്പര്‍, ഫോഗ്‌ലാമ്പ് എന്നിവയാണ് പഞ്ച് എസ്.യു.വിയുടെ മുഖഭാവം അലങ്കരിച്ചിരിക്കുന്നത്. അലോയി വീലും, ക്ലാഡിങ്ങുകള്‍ നല്‍കിയിട്ടുള്ള ഡോറും വശങ്ങളെ സ്‌റ്റൈലിഷാക്കുന്നുണ്ട്.

ടിയാഗോ. അല്‍ട്രോസ് തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഫീച്ചറുകളായിരിക്കും പഞ്ചിന്റെ അകത്തളത്തില്‍ നല്‍കുകയെന്നാണ് പ്രവചനങ്ങള്‍. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫാബ്രിക് സീറ്റുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങള്‍ പഞ്ച് എസ്.യു.വിയുടെ അകത്തളത്തിന് പ്രീമിയം വാഹനങ്ങളുടെ ഭാവം നല്‍കുമെന്നാണ് വിലയിരുത്തലുകള്‍.

ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ അറിയാന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. എന്നാല്‍, ടിയാഗോയല്‍ നല്‍കിയിട്ടുള്ള പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയമെന്നാണ് അഭ്യൂഹങ്ങള്‍. 1.2 ലിറ്റര്‍ റെവോട്രോള്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ഓപ്ഷണലായി എ.എം.ടിയും എത്തിയേക്കുമെന്നും സൂചനയുണ്ട്.

Content Highlights: Tata Named Small SUV As Punch; Image And Teaser Released