ടിഗോര്‍, ടിയാഗോ, നെക്‌സോണ്‍, ഹെക്‌സ... ഇങ്ങനെ പോകുന്നു ടാറ്റയുടെ ന്യൂജെന്‍ പിള്ളേര്‍. അടുത്ത കാലത്ത് ടാറ്റ കുടുംബത്തില്‍ നിന്ന് പിറവിയെടുത്ത ഇവരാരും മോശക്കാരായിട്ടില്ല. എല്ലാം ഒന്നിനൊന്ന് മെച്ചം എന്ന് പറയാം. ഇക്കൂട്ടത്തിലേക്കെത്തുന്ന പുതിയ താരം ഒരു സെഡാനാണ്‌. അടുത്ത മാസം നടക്കുന്ന ജനീവ 2018 മോട്ടോര്‍ ഷോയില്‍ ഈ മിഡ്‌സൈസ് സെഡാന്‍ കണ്‍സെപ്റ്റ് മോഡല്‍ കമ്പനി അവതരിപ്പിക്കും. ഇതിന് മുന്നോടിയായി പുതിയ മോഡലിന്റെ ടീസര്‍ ചിത്രവും ടാറ്റ പുറത്തുവിട്ടിട്ടുണ്ട്. ഡേ ടൈം റണ്ണിങ് ലൈറ്റും ഹെഡ്‌ലാംമ്പും ഉള്‍പ്പെട്ട മുന്‍ഭാഗം ദൃശ്യമാകുന്നതാണ് ടീസര്‍.

ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ പാറ്റേണില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ്‌ പുതിയ സെഡാനും എത്തുക. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച 45X, H5X എന്നീ കണ്‍സെപ്റ്റുകള്‍ക്ക് പിന്നാലെ കമ്പനി പ്രദര്‍ശിപ്പിക്കുന്ന മൂന്നാമത്തെ മോഡലാണിത്. ഇന്ത്യയില്‍ വമ്പന്‍മാരായ ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായി വെര്‍ണ എന്നിവരോടാകും ടാറ്റ സെഡാന്റെ മത്സരം. സൂചനകള്‍ പ്രകാരം മാനുവല്‍ ഗിയര്‍ബോക്സില്‍ റിവോട്രോണ്‍ പെട്രോള്‍ റിവോടോര്‍ക്ക് ഡീസല്‍ എന്‍ജിനുകളില്‍ സെഡാന്‍ നിരത്തിലെത്തും. ജെ.ടി.പി.ക്ക് കീഴില്‍ ഇതിന്റെ സ്പോര്‍ട്ട്സ് പതിപ്പും അവതരിപ്പിക്കാന്‍ കമ്പനി ആലോചിക്കുന്നതായാണ് വിവരം. 

Read More; ലാന്‍ഡ് റോവര്‍ സൗന്ദര്യത്തില്‍ H5X എസ്.യു.വി
Read More; മസില്‍മാന്‍ ലുക്കില്‍ പ്രീമിയം ഹാച്ച്ബാക്ക് 45X

Content Highlights; Tata to showcase sedan concept at 2018 Geneva Motor Show