പാസഞ്ചര്‍ വാഹനങ്ങളുടെ വില ഉയര്‍ത്താനൊരുങ്ങി ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോര്‍സ്. ടാറ്റ പുറത്തിറക്കിയിരിക്കുന്ന എല്ലാ പാസഞ്ചര്‍ വാഹനങ്ങള്‍ക്കും 2.2 ശതമാനമാണ് വില വര്‍ദ്ധിക്കുന്നത്. പുതിയ വില ഓഗസ്റ്റ് മാസം ആദ്യം നിലവില്‍ വരും.
വില കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. എന്നാല്‍, വാഹനങ്ങളുടെ നിര്‍മാണ സാമഗ്രികളുടെ വില ഉയരുന്നതിനാല്‍ വാഹനവില ഉയര്‍ത്താന്‍ കമ്പനി നിര്‍ബന്ധിതരാകുകയാണെന്ന് ടാറ്റാ മോട്ടോര്‍സ് പാസഞ്ചര്‍ വിഭാഗം മേധാവി മായാങ്ക് പരീക് പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ മാസം വാഹനങ്ങളുടെ വില ഉയര്‍ത്തിയിരുന്നു. എന്നാല്‍, നിര്‍മാണ ചിലവ് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ വിലയില്‍ നേരിയ വര്‍ധനവ് വരുത്തുകയാണ്. 2.2 ശതമാനം വില ഉയര്‍ത്താനാണ് ഇത്തവണ ഉദ്യേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറു കാറായ നാനോ മുതല്‍ എസ്യുവി മോഡലായ ഹെക്സ വരെയാണ് ടാറ്റയില്‍ നിന്ന് പുറത്തിറങ്ങുന്ന പാസഞ്ചര്‍ വാഹനങ്ങള്‍. 2.36 ലക്ഷം മുതല്‍ 17.89 ലക്ഷം രൂപ വരെയാണ് ഇവയുടെ വില.
വില ഉയര്‍ത്തുന്നത് കമ്പനിയുടെ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കമ്പനിയുടെ വാദം. ഏപ്രില്‍ മാസം വില ഉയര്‍ന്നെങ്കിലും കമ്പനിക്ക് വില്‍പ്പന നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദം ഒട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി 13.1 ശതമാനമാണ് വളര്‍ന്നത്. എന്നാല്‍, ഇക്കാലയളവില്‍ ടാറ്റാ മോട്ടോര്‍സ് 52 ശതമാനം വളര്‍ച്ച നേടിയതായി പരീക് അവകാശപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..