ടോക്കിയോ ഒളിമ്പിക്‌സില്‍ അഭിമാന നേട്ടമാണ് ഇന്ത്യയുടെ താരങ്ങള്‍ സ്വന്തമാക്കിയത്. അതേസമയം, മികവാര്‍ന്ന പ്രകടനം കാഴ്ച വെച്ചിട്ടും കപ്പിനും ചുണ്ടിനുമിടയില്‍ മെഡല്‍ നേടാന്‍ കഴിയാതെ പോയ താരങ്ങളുമുണ്ട്. ഇവരെ ആദരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 

കൈയെത്തും ദൂരെ വെങ്കലം നഷ്ടപ്പെട്ട കായികതാരങ്ങള്‍ക്ക് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ അല്‍ട്രോസ് സമ്മാനമായി നല്‍കി ആദരിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധികരിച്ച് മത്സരത്തിനിറങ്ങിയ താരങ്ങള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചതെന്നും മെഡല്‍ നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയവരും അഭിനന്ദനം അര്‍ഹിക്കുന്നവരാണെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

രാജ്യത്തോടുള്ള ഇവരുടെ പ്രതിബദ്ധതയും കഠിനാധ്വാനവും തിരിച്ചറിയുന്നതിനൊപ്പം ഇവരോടുള്ള നന്ദിയും അറിയിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ക്ക് അല്‍ട്രോസ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വാഹനത്തിന്റെ സ്ട്രീറ്റ് ഗോള്‍ഡ് നിറത്തിലുള്ള വാഹനങ്ങളായിരിക്കും സമ്മാനിക്കുക. വൈകാതെ തന്നെ ഈ സമ്മാനം താരങ്ങള്‍ക്ക് കൈമാറുമെന്നും ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനല്‍കി.

ഗോള്‍ഫ് താരം അതിഥി അശോകിന് കപ്പിനും ചുണ്ടിനുമിടയിലാണ് മെഡല്‍ നഷ്ടപ്പെട്ടത്. അതുപോലെ ദീപക് പൂനിയ, വനിത ഹോക്കി ടീം തുടങ്ങിയവര്‍ക്കും നിര്‍ഭാഗ്യവശാല്‍ മെഡല്‍ നഷ്ടമുണ്ടായ ഗണത്തിലാണ്. ഇതുപോലെ ഉള്ള താരങ്ങളെ ആയിരിക്കും ടാറ്റ ആദരിക്കുന്നത്. എന്നാല്‍, ഏതൊക്കെ താരങ്ങള്‍ വാഹനം നല്‍കുമെന്നത് വരും ദിവസങ്ങളില്‍ അറിയാം.

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മികച്ച സ്വീകാര്യത നേടിയിട്ടുള്ള വാഹനമാണ് അല്‍ട്രോസ്. വാഹനത്തിന്റെ ഡിസൈനിലും ഫീച്ചറുകളിലും പ്രകടനത്തിലും ഏറെ മുമ്പന്തിയിലാണ് ഈ വാഹനം. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മുന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിട്ടുള്ളത്. 

Content Highlights: Tata Motors To Gift Altroz Hatchback Who Narrowly Miss Medal In Olympics