രാജ്യത്തെ മൂന്നാമത്തെ വലിയ കാര്‍ കമ്പനിയായ 'ടാറ്റാ മോട്ടോഴ്സ്' സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന (എസ്.യു.വി.) വിപണിയില്‍ ഒന്നാം സ്ഥാനത്തെത്തി. ഒക്ടോബര്‍ 18-ന് സബ്-കോംപാക്ട് എസ്.യു.വി.യായ 'ടാറ്റാ പഞ്ച്' വിപണിയിലെത്തിയതോടെയാണ് ഒക്ടോബര്‍ മാസത്തില്‍ എസ്.യു.വി. വിഭാഗത്തില്‍ വിപണി മേധാവിത്വം നേടിയത്.

ഒക്ടോബറില്‍ ടാറ്റാ മോട്ടോഴ്സ് 23,381 എസ്.യു.വി.കളുടെ റെക്കോഡ് വില്പന നേടി. 20,022 എസ്.യു.വികളുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് രണ്ടാം സ്ഥാനത്ത്. 18,538 യൂണിറ്റുകളുമായി ഹ്യുണ്ടായ് മൂന്നാമതും 15,931 യൂണിറ്റുകളുമായി കിയാ മോട്ടോഴ്സ് നാലാം സ്ഥാനത്തുമാണ്. മാരുതി സുസുകിയും ഈ ശ്രേണിയില്‍ വലിയ മത്സരം ഉയര്‍ത്തുന്നുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ കണക്കെടുത്താല്‍ രാജ്യത്ത് വില്‍ക്കുന്ന ഓരോ രണ്ട് കാറുകളില്‍ ഏതാണ്ട് ഒരെണ്ണം യൂട്ടിലിറ്റി വാഹനമാണ്. ആഭ്യന്തര വിപണിയില്‍ ഇപ്പോള്‍ ഏറ്റവുമധികം എസ്.യു.വി. വാഹനങ്ങളുടെ ശ്രേണിയുള്ളത് ടാറ്റാ മോട്ടോഴ്സിനാണ്. 

ചെറു-എസ്.യു.വി.യായ പഞ്ച് അവതരിപ്പിച്ചപ്പോള്‍ തന്നെ കമ്പനി ഒന്നാം സ്ഥാനം ലക്ഷ്യമിട്ടിരുന്നു. 5.49 ലക്ഷം രൂപ മുതലാണ് പഞ്ചിന്റെ വില. വിപണിയിലെത്തി 12 ദിവസങ്ങള്‍ക്കുള്ളില്‍ 8,453 യൂണിറ്റുകളാണ് പഞ്ചിന്റേതായി വിറ്റത്. നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവയാണ് ടാറ്റാ മോട്ടോഴ്സിന്റെ മറ്റ് എസ്.യു.വി.കള്‍.

Content Highlights: Tata Motors, Tata SUVs, Tata Punch, Tata Harrier, Tata Nexon, Tata Safari, Tata Nexon EV