സംസ്ഥാനത്തെ ടാറ്റാ വാഹനങ്ങളുടെ വിപണന ശൃംഖല ശക്തമാക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍, ഇലക്ട്രിക് വാഹന വിഭാഗം ബിസിനസ് യൂണിറ്റ് തലവന്‍ വിവേക് ബി. ശ്രീവാസ്തവ. കേരളത്തില്‍ ടാറ്റയുടെ വാഹനങ്ങള്‍ക്ക് പ്രിയമേറെയാണ്. സംസ്ഥാനത്തെ വില്പനയെ വളരെ കാര്യമായിത്തന്നെയാണ് കമ്പനി നോക്കിക്കാണുന്നത്. 

അതിനാല്‍ വിപണന ശൃംഖല വിപുലപ്പെടുത്താനുള്ള നടപടികളിലാണ് കമ്പനി. അതോടൊപ്പം പരാതിക്കിടവരാത്ത വിധത്തിലുള്ള സര്‍വീസും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

ടാറ്റയുടെ പുതിയ കോംപാക്ട് എസ്.യു.വി.യായ 'പഞ്ച്' വിപണിയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ എസ്.യു.വി.കള്‍ക്കാണ് കൂടുതല്‍ പ്രിയമേറിയിരിക്കുന്നത്. ഉപഭോക്താവിന്റെ താത്പര്യത്തിനനുസരിച്ച് പുതിയ സെഗ്മെന്റുകള്‍ തുറക്കുന്നതിലൂടെ ഈ മേഖലയില്‍ വിജയം കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

ടാറ്റയുടെ പഞ്ച് പുറത്തിറക്കിയതോടെ എസ്.യു.വി. വിപണിയില്‍ പുതിയ മേഖലയാണ് തുറന്നിരിക്കുന്നത്. അത് ഇന്ത്യന്‍ വാഹന വിപണിക്ക് ഗുണം ചെയ്യും. എന്നാല്‍, മറ്റ് സെഗ്മെന്റുകളെ പഞ്ചിന്റെ വരവ് കാര്യമായി ബാധിക്കാനിടയില്ല. 

മൈക്രോ എസ്.യു.വി. ഒരിക്കലും ഒരു ഹാച്ച്ബാക്ക് മോഡലുകള്‍ക്കോ അതുപോലുള്ള മറ്റ് വിഭാഗങ്ങള്‍ക്കോ ഭീഷണിയാവില്ല. വിപണിയിലെ ശൃംഖല വിപുലപ്പെടുത്താനുള്ള നടപടികളിലാണ് ഇപ്പോള്‍ ടാറ്റയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Tata motors strengthen SUV sales and Ensure good after sale service to customers, Vivek Srivatsa, Tata Motors