ടാറ്റ മോട്ടോഴ്‌സിന്റെ ഐതിഹാസിക നാമമായ സഫാരി നിരത്തുകളില്‍ മടങ്ങിയെത്തിയിട്ട് അഞ്ച് മാസമാകുന്നു. പ്രതിസന്ധികള്‍ നിറഞ്ഞ ഈ കലഘട്ടത്തിലും മികച്ച സ്വീകാര്യത സ്വന്തമാക്കിയ ഈ എസ്.യു.വി. പുത്തന്‍ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. സഫാരി എസ്.യു.വിയുടെ ഉത്പാദനം 10,000-ത്തില്‍ എത്തിയതിന്റെ ആഘോഷങ്ങളിലാണ് ഇന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.

ടാറ്റയുടെ പൂണെയിലെ പ്ലാന്റിന്‍ നിന്നാണ് 10000 എന്ന മാജിക്ക് നമ്പര്‍ തികച്ച വാഹനം നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സഫാരിയുടെ 100 വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ള 9900 വാഹനങ്ങളുടെ നിര്‍മാണം ഈ മഹാമാരി കാലത്ത് പൂര്‍ത്തിയാക്കാന്‍ സാധിച്ചതും ടാറ്റയുടെ നേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. വില്‍പ്പനയിലും വലിയ നേട്ടമാണ് സഫാരിക്കുള്ളത്. 

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴും ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ 10000 വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. നിരവധി ആളുകളുടെ അധ്വാനം ഇതിന് പിന്നിലുണ്ടെന്നും സഫാരി എന്ന വാഹനം ടാറ്റയുടെ പാരമ്പര്യം ഉയര്‍ത്തുന്നതായിരിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് മേധാവി ശൈലേഷ് ചന്ദ്ര അഭിപ്രായപ്പെട്ടു. 

ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ സഫാരി ഒരുങ്ങിയിട്ടുള്ളത്. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. XE, XM, XT, XT+, XZ, XZ+  എന്നീ ആറ് വേരിയന്റുകളിലായി ആറ് സീറ്റ് പതിപ്പായാണ് ടാറ്റയുടെ സഫാരി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്. 

ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സഫാരി എസ്.യു.വിക്ക് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 168 ബി.എച്ച്.പി.പവറും 350 എന്‍.എം.ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന് പുറമെ, ഹ്യുണ്ടായി വികസിപ്പിച്ച ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും സഫാരിയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlights: Tata Motors Rolls Out 10,000th Safari SUV In 5 Months Since Launch