പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ തങ്ങളുടേതായ സ്ഥാനമുറപ്പിക്കാന്‍ പുതിയ അല്‍ട്രോസ് മോഡല്‍ ടാറ്റ മോട്ടോഴ്‌സ് മറനീക്കി പുറത്തിറക്കി. 45X എന്ന കോഡ് നാമത്തില്‍ കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് നടന്നുകൊണ്ടിരിക്കുന്ന ജനീവ മോട്ടോര്‍ ഷോയിലാണ് ടാറ്റ അവതരിപ്പിച്ചത്. റഗുലര്‍ അല്‍ട്രോസിനൊപ്പം ഇതിന്റെ ഇലക്ട്രിക് വകഭേദവും ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

altroz

സ്‌റ്റൈലിഷ് രൂപഘടനയ്ക്ക് പ്രാധാന്യം നല്‍കിയാണ് വാഹനത്തിന്റെ നിര്‍മാണം. കണ്‍സെപ്റ്റ് മോഡലില്‍നിന്ന് രൂപത്തില്‍ വലിയ മാറ്റം അല്‍ട്രോസിനില്ല. ഇംപാക്ട്‌സ് 2.0 ഡിസൈന്‍ അടിസ്ഥാനത്തില്‍ ആല്‍ഫ പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവയാണ് അല്‍ട്രോസിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് ഏറെ വ്യത്യസ്തമാണ്. വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും. ഉള്‍വശത്തും സ്‌പോര്‍ട്ടി രൂപഘടനയ്ക്ക് ഒട്ടും കുറവില്ല. 

altroz

ഈ വര്‍ഷം പകുതിയോടെ അല്‍ട്രോസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുമെന്നാണ് സൂചന. നിലവില്‍ നിരവധി തവണ ഇതിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇന്ത്യന്‍ നിരത്തില്‍ നടന്നുകഴിഞ്ഞു. അതേസമയം അല്‍ട്രോസിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് സംബന്ധിച്ച വിവരങ്ങളൊന്നും ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. ടിയാഗോയിലും നെക്‌സോണിലും നല്‍കിയിരുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. നെക്‌സോണിലെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും അല്‍ട്രോസ് ഹാച്ച്ബാക്ക് എത്തിയേക്കും. 

altroz

പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ഈ വര്‍ഷം തന്നെ നിരത്തിലെത്തുമെങ്കിലും ഇലക്ട്രിക് മോഡലിന് രണ്ട് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകള്‍. റഗുലര്‍ അല്‍ട്രാസില്‍ രൂപത്തില്‍ വലിയ മാറ്റങ്ങള്‍ ഇലക്ട്രിക് പതിപ്പിനില്ല. പ്രദര്‍ശിപ്പിച്ചെങ്കിലും അല്‍ട്രോസ് ഇലക്ട്രിക്കിന്റെയും കൂടുതല്‍ വിവരങ്ങളൊന്നും ടാറ്റ വ്യക്തമാക്കിയിട്ടില്ല. വിപണിയില്‍ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി ഐ 20 എന്നീ മോഡലുകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ് അല്‍ട്രോസിലൂടെ ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. 

altroz ev

അല്‍ട്രോസ്, അല്‍ട്രോസ് ഇവി എന്നിവയ്ക്ക് പുറമേ സെവന്‍ സീറ്റര്‍ എസ്.യു.വി ബസാര്‍ഡ്‌, മൈക്രോ എസ്.യു.വി കണ്‍സെപ്റ്റ് H2X എന്നീ മോഡലുകളും ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Content Highlights;Tata Motors Reveals Altroz, Altroz EV Premium Hatchback