ന്ത്യന്‍ നിരത്തുകളിലേക്കുള്ള വരവ് അടുത്തിരിക്കുന്ന ടാറ്റയുടെ മിനി എസ്.യു.വിയാണ് പഞ്ച്. ഉത്സവ സീസണിന്റെ ഭാഗമായി എത്തുമെന്ന് അറിയിച്ചിട്ടുള്ള ഈ വാഹനത്തിന്റെ വിവിധ ടീസറുകളും കമ്പനി മുമ്പ് പുറത്തുവിട്ടിരുന്നു. ഫീച്ചറുകളും സ്റ്റൈലും വിളിച്ചറിയിച്ച ഈ ടീസറുകള്‍ക്ക് പിന്നാലെ ഏറ്റവുമൊടുവില്‍ പുറത്തുവിട്ട വീഡിയോയിലുടെ ഏത് പ്രതലവും കീഴടക്കാനുള്ള പഞ്ചിന്റെ കരുത്താണ് ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തിയിട്ടുള്ളത്.

മിനുസമുള്ള റോഡുകളിലും പരുക്കനായി പ്രതലങ്ങളിലും അനായാസം കുതിക്കാന്‍ സാധിക്കുമെന്നാണ് ടീസറില്‍ പറയുന്നത്. 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിങ്ങും മറ്റ് വിവരങ്ങളും പുറത്തുവിട്ടതിന് പിന്നാലെ ഏതാനും ഡീലര്‍ഷിപ്പുകളില്‍ പഞ്ചിനായുള്ള ബുക്കിങ്ങ് ആരംഭിച്ചതയാണ് പുതിയ റിപ്പോര്‍ട്ട്. ഒരു മാസത്തിനുള്ളില്‍ ഈ വാഹനം വിപണിയില്‍ എത്തുമെന്നാണ് ടാറ്റ ആരാധകരുടെ പ്രതീക്ഷ. 

ഇംപാക്ട് 2.0 ഡിസൈന്‍ ലാംഗ്വജില്‍ ടാറ്റയുടെ അല്‍ഫ-ആര്‍ക്ക് അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ആദ്യ എസ്.യു.വിയാണ് പഞ്ച്. പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസാണ് അല്‍ഫ പ്ലാറ്റ്ഫോമില്‍ എത്തിയ ആദ്യ വാഹനം. പുതുതലമുറ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഡിസൈന്‍ ശൈലിയാണ് ഈ വാഹനത്തില്‍ പിന്തുടര്‍ന്നിട്ടുള്ളതെന്നാണ് ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും പുതുതലമുറയുടെ താത്പര്യങ്ങള്‍ പരിഗണിച്ചിട്ടുണ്ടാന്നാണ് സൂചന.

കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡലിനോട് നീതി പുലര്‍ത്തിയാണ് പ്രൊഡക്ഷന്‍ പതിപ്പും എത്തിയിട്ടുള്ളത്. എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ബമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഹെഡ്ലാമ്പ്, ക്രോമിയം ലൈനുകള്‍ നല്‍കി അലങ്കരിച്ചിട്ടുള്ള നെക്സോണിലേതിന് സമാനമായ ഗ്രില്ല്, ക്ലാഡിങ്ങ് നല്‍കി റഫ് ലുക്ക് നല്‍കിയിട്ടുള്ള ബമ്പര്‍, ഫോഗ്ലാമ്പ് എന്നിവയാണ് പഞ്ച് എസ്.യു.വിയുടെ മുഖഭാവം അലങ്കരിച്ചിരിക്കുന്നത്.

ടിയാഗോ. അല്‍ട്രോസ് തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഫീച്ചറുകളായിരിക്കും പഞ്ചിന്റെ അകത്തളത്തില്‍ നല്‍കുകയെന്നാണ് പ്രവചനങ്ങള്‍. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫാബ്രിക് സീറ്റുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങള്‍ പഞ്ച് എസ്.യു.വിയുടെ അകത്തളത്തിന് പ്രീമിയം വാഹനങ്ങളുടെ ഭാവം നല്‍കുമെന്നാണ് വിലയിരുത്തലുകള്‍.

എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളില്‍ ഇപ്പോഴും സസ്‌പെന്‍സ് നിലനിര്‍ത്തിയിരിക്കുകയാണ് ടാറ്റ. അതേസമയം, 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ്, 1.2 ലിറ്റര്‍ ടര്‍ബോ എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളില്‍ ഈ വാഹനം എത്തിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍. 1.2 ലിറ്റര്‍ എന്‍.എ. എന്‍ജിന്‍ 85 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ടര്‍ബോ എന്‍ജിന്റെ പവര്‍ 100 ബി.എച്ച്.പി. ആയിരിക്കുമെന്നാണ് സൂചന. മാനുവല്‍, എ.എം.ടി. ട്രാന്‍സ്മിഷനിലും പ്രതീക്ഷിക്കാം.

Content Highlights: Tata Motors Release New Video About Punch All Terrain Ability Video