ടാറ്റ എച്ച്.ബി.എക്‌സ് | ഫോട്ടോ: മാതൃഭൂമി
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ മത്സരിച്ചാണ് വാഹന നിര്‍മാതാക്കള്‍ പുതിയ മോഡലുകള്‍ എത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍, ഈ ശ്രേണിയില്‍ നിന്ന് മാറി മിനി എസ്.യു.വിയില്‍ മത്സരം സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് കമ്പനികള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഹ്യുണ്ടായി, ടാറ്റ തുടങ്ങിയ നിര്‍മാതാക്കള്‍ മിനി എസ്.യു.വിയുടെ പണിപ്പുരയിലാണ്.
ഹ്യുണ്ടായി വിപണിയില്‍ എത്തിക്കാനൊരുങ്ങുന്ന മിനി എസ്.യു.വിയുടെ പേര് കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. ഇതിനുപിന്നാലെ തന്നെ ടാറ്റ ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുക്കുന്ന കുഞ്ഞന്‍ എസ്.യു.വി. വരവിനൊരുങ്ങിയതായാണ് പുതിയ വിവരം. ടാറ്റ എച്ച്.ബി.എക്‌സ്. എന്ന കോഡ്‌നാമത്തില്‍ നിര്‍മിക്കുന്ന ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഒരുങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അവതരണത്തിന് മുന്നോടിയായി ഈ വാഹനം നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പല തവണ നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം, അവതരണത്തിനായുള്ള ആദ്യ ബാച്ചിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും ഈ വാഹനങ്ങള്‍ ഏറെ വൈകാതെ തന്നെ വിപണിയില്‍ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് HBX കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചത്.
ഈ മിനി-എസ്.യു.വിയുടെ ഡിസൈന്‍ ശൈലി വെളിപ്പെടുത്തുന്ന ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. ഹാരിയര്‍-നെക്സോണ്‍ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ഈ മോഡല്‍ ഒരുങ്ങിയിട്ടുള്ളത്. ഹാരിയറില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഡി.ആര്‍.എല്‍, ബമ്പറില്‍ നല്‍കിയിട്ടുള്ള ഹെഡ്ലാമ്പ് എന്നിവ HBX-ലും നല്‍കുന്നുണ്ട്. ബമ്പര്‍ നെക്സോണിലേതിന് സമാനമായി ഡിസൈന്‍ ചെയ്തിട്ടുള്ളത്.
പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയമെന്ന് ആദ്യ മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നതാണ്. ടാറ്റയുടെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ റെവോട്രോള്‍ പെട്രോള്‍ എന്‍ജിനായിരിക്കും HBX-ല്‍ നല്‍കുക. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം ഓപ്ഷണലായി എ.എം.ടിയും എത്തിയേക്കുമെന്നും സൂചനയുണ്ട്.
Source: Team BHP
Content Highlights: Tata Motors Ready To Launch Its Mini SUV To India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..