2018 ടാറ്റയെ സംബന്ധിച്ച് വളരെ നല്ല വര്‍ഷമായിരുന്നു. നിരത്തിലെത്തിച്ച എല്ലാ വാഹനങ്ങളിലൂടെയും വലിയ നേട്ടങ്ങളാണ് ടാറ്റയെ തേടിയെത്തിയത്. വരും വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കാനുള്ള ചുവടുവയ്പ്പുകളിലാണ് ഇന്ത്യയുടെ സ്വന്തം വാഹനനിര്‍മാതാക്കളായ ടാറ്റ.

2019-ന്റെ തുടക്കത്തില്‍ തന്നെ ടാറ്റയുടെ അഭിമാന മോഡലാകാനൊരുങ്ങുന്ന ഹാരിയര്‍ നിരത്തിലെത്തും. ഇതിന് പിന്നാലെ 2018-ലെ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഹാച്ച്ബാക്ക് മോഡലും എത്തിക്കും. 2020 ആകുന്നതോടെ എട്ട് മോഡലുകള്‍ പുറത്തിറക്കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

ടാറ്റയുടെ വാഹനങ്ങള്‍ക്ക് കരുത്ത് പകരാന്‍ ആല്‍ഫാ, ഒമേഗ എന്നിങ്ങനെ രണ്ട് പ്ലാറ്റ്‌ഫോമുകള്‍ വികസിപ്പിച്ചെടുത്തതും കഴിഞ്ഞ വര്‍ഷത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ടാറ്റയുടെ പുറത്തിറങ്ങാനിരിക്കുന്ന വാഹനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമിലായിരിക്കും ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.

നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍ തുടങ്ങിയ വാഹനങ്ങള്‍ ടാറ്റയുടെ തലവര മാറ്റിയവയാണ്. അടുത്ത വര്‍ഷം മുതല്‍ നെക്‌സോണ്‍, ടിഗോര്‍ തുടങ്ങിയ വാഹനങ്ങള്‍ വിദേശ വിപണിയിലേക്ക് കയറ്റി അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയിപ്പോള്‍. 

കുടുതല്‍ വാഹനങ്ങള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ടാറ്റയുടെ എല്ലാ പ്ലാന്റുകളിലെയും ഉത്പാദനശേഷി ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമെ, വില്‍പനാനന്തര സേവനം കാര്യക്ഷമമാക്കുന്നതിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും ടാറ്റ വ്യക്തമാക്കി.

Content Highlights: Tata Motors Plans Up to Eight New Launches By 2020