ന്ത്യയിലെ എസ്.യു.വി. പ്രേമികളുടെ നൊസ്റ്റാള്‍ജിയയില്‍ സ്ഥാനമുള്ള പ്രധാന മോഡലുകളില്‍ ഒന്നാണ് 1990-കളില്‍ നിരത്തുകളിലെ താരമായിരുന്ന ടാറ്റയുടെ സിയറ. ഒരു പാതിറ്റാണ്ട് കാലത്തോളം നിരത്തുകളില്‍ നിറഞ്ഞ് നില്‍ക്കുകയും പിന്നീട് വിപണി വിടുകയും ചെയ്ത ഈ വാഹനം തിരിച്ചെത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്ന് മാറി ഇലക്ട്രിക് കരുത്തിലായിരിക്കും സിയറ മടങ്ങിയെത്തുന്നത്. 

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടാറ്റ മോട്ടോഴ്‌സ് വിപണിയില്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുള്ള 10 ഇലക്ട്രിക് മോഡലുകളില്‍ ഒന്നായിരിക്കും സിയറ ഇലക്ട്രിക് എസ്.യു.വി. എന്നാണ് സൂചന. 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സിയറയുടെ കണ്‍സെപ്റ്റ് മോഡല്‍ ടാറ്റ മോട്ടോഴ്‌സ് പ്രദര്‍ശനത്തിനെത്തിച്ചിരുന്നു. ഐതിഹാസിക സിയറയുടെ രൂപം അതുപോലെ പകര്‍ത്തിയാണ് ഇലക്ട്രിക് സിയറയുടെ കണ്‍സെപ്റ്റ് മോഡല്‍ ടാറ്റ ഒരുക്കിയിരുന്നത്. പ്രൊഡക്ഷന്‍ പതിപ്പിലും ഇത് പ്രതീക്ഷിക്കാം.

ടാറ്റയുടെ അല്‍ഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിര്‍മിച്ചിട്ടുള്ള സിഗ്മ പ്ലാറ്റ്‌ഫോമിലായിരിക്കും ഇലക്ട്രിക് സിയറ ഒരുങ്ങുക. ബാറ്ററി പാക്ക് ഘടിപ്പിക്കുന്നതിനുള്ള സംവിധാനം, ട്രാന്‍സ്മിഷന്‍ ടണല്‍ ഒഴിവാക്കല്‍, ഫ്യുവല്‍ ടാങ്ക് എരിയ നീക്കം ചെയ്യുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ വരുത്തി ഈ പ്ലാറ്റ്‌ഫോം പുതുക്കി പണിതിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ICE പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കുന്നതിനെക്കാള്‍ സ്‌പേഷ്യസും ഭാരം കുറഞ്ഞതുമായിരിക്കും സിഗ്മ പ്ലാറ്റ്‌ഫോമെന്നും സൂചനയുണ്ട്. 

പ്രീമിയം വാഹനത്തിന്റെ ഭാവമാണ് ഈ സിയറയ്ക്കുള്ളത്. നേര്‍ത്ത എല്‍ഇഡി ഹെഡ്ലൈറ്റ്, ഡ്യുവല്‍ ടോണ്‍ മസ്‌കുലര്‍ ബമ്പര്‍, ലൈറ്റുകളായി നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് ക്ലാഡിങ്ങുകള്‍ എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്. വശങ്ങള്‍ ഐതിഹാസിക സിയറയുടെ തനിപകര്‍പ്പാണ്. റൂഫ് വരെ നീളുന്ന ഗ്ലാസുകളായിരുന്നു സിയറയുടെ ഹൈലൈറ്റ്. ഡ്യുവല്‍ ടോണ്‍ അലോയി വീലുകളും ഇതിലുണ്ട്. പിന്നിലും വലിയ ഗ്ലാസുകളാണ് നല്‍കിയിരിക്കുന്നത്. 

ടാറ്റ സിയറ ഇലക്ട്രിക്കിന്റെ ഗവേഷണവും നിര്‍മാണവും ടാറ്റ മോട്ടോഴ്‌സ് ഇതിനോടകം ആരംഭിച്ചതായാണ് വിവരം. എന്നാല്‍, സിയറ ഇലക്ട്രിക് 2025 മുമ്പ് എത്താന്‍ സാധ്യതയില്ലെന്നാണ് സൂചന. ഈ വാഹനത്തിന്റെ വരവിന് മുന്നോടിയായി ടാറ്റ പ്രഖ്യാപിച്ചിട്ടുള്ള അല്‍ട്രോസ് ഇലക്ട്രിക് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ എത്തിയേക്കും. അള്‍ട്രോസ് ഉള്‍പ്പെടെയുള്ള ടാറ്റയുടെ മറ്റ് ഇലക്ട്രിക വാഹനങ്ങള്‍ ICE പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

90-കളില്‍ ടാറ്റയില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങിയ ത്രീ ഡോര്‍ എസ്യുവിയായിരുന്നു സിയറ. ഓഫ് റോഡ് ലക്ഷ്യമാക്കി പുറത്തിറക്കിയ ഈ വാഹനത്തില്‍ 2.0 ലിറ്റര്‍ പ്യൂഷെ എക്‌സ്ഡി88 എന്‍ജിനാണ് പ്രവര്‍ത്തിച്ചിരുന്നത്. 1948 സിസിയില്‍ 63 എച്ച്പി കരുത്താണ് സിയറ ഉത്പാദിപ്പിച്ചിരുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ ഫോര്‍ വീല്‍ ഡ്രൈവ് വാഹനമായിരുന്നു ഇത്. എന്നാല്‍, ഇനി സിയറയുടെ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ എത്തില്ലെന്നും സൂചനകളുണ്ട്.

Source: Autocar India

Content Highlights: Tata Motors planning to launch Sierra As Electric SUV, Tata Sierra, Electric SUV