2021 ആരംഭിച്ചതിന് ശേഷമുള്ള മൂന്നാംവട്ട വില വര്‍ധിപ്പിക്കലിനൊരുങ്ങി ഇന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. കമ്പനിയുടെ പാസഞ്ചര്‍ കാറുകളുടെ വില വര്‍ധിപ്പിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. എന്നാല്‍, എത്ര ശതമാനം വിലയാണ് വര്‍ധിപ്പിക്കുന്നതെന്നും എന്ന് മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വരുത്തുകയെന്നുമുള്ള കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. 

വാഹന നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് ഈ വര്‍ഷം തന്നെ മൂന്നാം തവണയും ടാറ്റ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. വാഹന നിര്‍മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീലിന്റെയും മറ്റ് അസംസ്‌കൃത വസ്തുകളുടെയും വില ഉയര്‍ന്നത് വില വര്‍ധിപ്പിക്കാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയിട്ടുണ്ടെന്നാണ് വില വര്‍ധിപ്പിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

2021 ജനുവരിയില്‍ തന്നെയാണ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചത്. മോഡലുകള്‍ക്ക് അനുസരിച്ച് പരമാവധി 26,000 രൂപ വരെയായിരിക്കും വര്‍ധിപ്പിച്ചത്. നാല് മാസങ്ങള്‍ക്ക് ശേഷം മെയ് മാസത്തിലും ടാറ്റ വാഹനങ്ങളുടെ വില ഉയര്‍ത്തിയിരുന്നു. 1.8 ശതമാനം വരെയാണ് രണ്ടാം തവണ വര്‍ധിപ്പിച്ചത്. ഇത്തവണ ഉയര്‍ത്തുന്നത് എത്രയെന്ന് വൈകാതെ പുറത്തുവന്നേക്കും.

ടാറ്റ മോട്ടോഴ്‌സിന് പുറമെ, ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളും വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ജൂലൈ ഒന്ന് മുതല്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിച്ചിരുന്നു. ഇതുകൂടാതെ, മുന്‍നിര വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഓഗസ്റ്റ് ഒന്ന് മുതല്‍ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

Source: Times Drive

Content Highlights: Tata Motors Planning To Increase Price For Passenger Vehicle