മേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയ്ക്കായി ഇന്ത്യയിലേക്ക് വൈദ്യുത കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തീരുവയില്‍ ഇളവനുവദിക്കുന്നതിനെ എതിര്‍ത്ത് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 

ടെസ്‌ലയ്ക്ക് ഇളവ് അനുവദിക്കുന്നത് വൈദ്യുത വാഹനങ്ങളും ഹൈബ്രിഡ് വാഹനങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ഫെയിം പദ്ധതിയിലെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ടാറ്റ മോട്ടോഴ്‌സ് യാത്രാ വാഹന വിഭാഗം പ്രസിഡന്റ് സുശീല്‍ ചന്ദ്ര അഭിപ്രായപ്പെട്ടത്.

പരമാവധി വൈദ്യുത വാഹനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനും ഇവ 15 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഉപയോക്താക്കളില്‍ എത്തിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഫെയിം പദ്ധതി ഒരുക്കിയിട്ടുള്ളത്. ഈ പദ്ധതിയുടെ കീഴിലാണ് സബ്‌സിഡി ഉള്‍പ്പെടെ നല്‍കുന്നത്. 

ഇറക്കുമതിത്തീരുവ കുറച്ചാല്‍ പ്രാപ്യമായ വിലയില്‍ വൈദ്യുത വാഹനങ്ങള്‍ ലഭ്യമാക്കാനുള്ള ലക്ഷ്യം സാധ്യമാകില്ല. നിലവില്‍ രാജ്യത്ത് 90 ശതമാനം വൈദ്യുത വാഹനങ്ങളും വിപണയിലെത്തിക്കുന്നത് ടാറ്റ മോട്ടോഴ്‌സ് ആണ്. വിപുലീകരണ പദ്ധതി ആലോചിക്കുമ്പോഴും ഫെയിം സ്‌കീമിലെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Tata Motors Oppose Import Duty Exemption For Tesla