ലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊളിച്ച് നീക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വാഹന പൊളിക്കല്‍ നയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള പൊളിക്കല്‍ കേന്ദ്രങ്ങള്‍(സ്‌ക്രാപ്പിങ്ങ് സെന്റര്‍) ആരംഭിക്കുന്നതിനായി മുന്നിട്ടിറങ്ങയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ഗുജറാത്തിലാണ് ടാറ്റയുടെ വാഹന പൊളിക്കല്‍ കേന്ദ്രം ആരംഭിക്കുകയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

രജിസ്‌ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് ഫെസിലിറ്റി(ആര്‍.വി.എസ്.എഫ്) ആരംഭിക്കുന്നതിനായി ഗുജറാത്ത് സര്‍ക്കാരിന്റെ തുറമുഖ ഗതാഗത വകുപ്പുമായി ടാറ്റ മോട്ടോഴ്‌സ് കരാറില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി നടന്ന നിക്ഷേപക സംഗമത്തിലാണ് ടാറ്റ മോട്ടോഴ്‌സ് ഗുജറാത്ത് സര്‍ക്കാരുമായി ധാരണയിലെത്തിയതെന്നാണ് വിവരം. അഹമ്മദാബാദിലായിരിക്കും കേന്ദ്രം ആരംഭിക്കുക. 

പൊളിക്കല്‍ നയം നടപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ചരിത്ര പ്രാധാന്യമുള്ളതാണ്. ഇതുവഴി നിരത്തുകളില്‍ വൃത്തിയുള്ളതും സുരക്ഷിതവുമായി വാഹനങ്ങള്‍ എത്താന്‍ കാരണമാകും. വാഹന സ്‌ക്രാപ്പിങ്ങില്‍ സര്‍ക്കാരുമായി പങ്കാളിത്തം ഉറപ്പിക്കുന്നതിലൂടെ ചരിത്രപരമായ നടപടിയാണ് ടാറ്റ മോട്ടോഴ്‌സ് സ്വീകരിച്ചിരിക്കുന്നത്. ഉത്തരവാദിത്വമുള്ള വാഹന നിര്‍മാതാക്കള്‍ എന്നി നിലയില്‍ മികച്ച വാഹനങ്ങളെത്തിക്കാന്‍ ടാറ്റ പ്രതിജ്ഞബദ്ധമാണെന്നും കമ്പനി അഭിപ്രായപ്പെട്ടു. 

മറ്റ് കമ്പനികളുടെ സഹകരണത്തോടെ ആയിരിക്കും ടാറ്റ മോട്ടോഴ്‌സ് സ്‌ക്രാപ്പിങ്ങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍തല നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ തുറമുഖ-ഗതാഗത വകുപ്പിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് വിവരം. ഈ നയം നടപ്പാകുന്നതിലൂടെ രാജ്യത്തെ വാഹന മേഖല കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊളിക്കല്‍ നയം അനുസരിച്ച് വാണിജ്യവാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിനും സ്വകാര്യവാഹനങ്ങള്‍ക്ക് 20 വര്‍ഷത്തിനും ശേഷം കമ്പ്യൂട്ടര്‍ അധിഷ്ടിത പ്രവര്‍ത്തനക്ഷമത പരിശോധന നിര്‍ബന്ധമാണ്. രണ്ടുതവണ പരിശോധനയില്‍ പരാജയപ്പെടുന്നവ നിര്‍ബന്ധമായും പൊളിക്കണം. കാലാവധി കഴിഞ്ഞ വാണിജ്യവാഹനങ്ങള്‍ 2023 മുതലും സ്വകാര്യവാഹനങ്ങള്‍ 2024 ജൂണ്‍ മുതലും പൊളിക്കാനാണ് കേന്ദ്രനിര്‍ദേശം. ഉടമയ്ക്ക് വേണമെങ്കില്‍ വാഹനം നേരിട്ട് പൊളിക്കല്‍കേന്ദ്രങ്ങള്‍ക്ക് കൈമാറാം.

Content Highlights: Tata Motors Open Vehicle Scraping Centre In Gujarat