ന്ത്യന്‍ നിരത്തുകള്‍ക്കായി ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനല്‍കിയിട്ടുള്ള മിനി എസ്.യു.വിയുടെ വരവടുത്തെന്ന് സൂചന നല്‍കി ആദ്യ ടീസര്‍ വീഡിയോ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. വാഹനത്തിന്റെ ഏതാനും ഡിസൈനുകളും പേരും വെളിപ്പെടുത്തുന്നതാണ് ഈ വാഹനത്തിന്റെ ആദ്യ ടീസര്‍. നിര്‍മാണത്തിന് ഉപയോഗിച്ച കോഡ്‌ നാമമായ എച്ച്.ബി.എക്‌സ്. എന്ന് തന്നെയാണ് ഈ വാഹനത്തിന് ടീസറില്‍ നല്‍കിയിട്ടുള്ള പേര്. അടുത്ത മാസം ഈ വാഹനമെത്തുമെന്നാണ് സൂചന.

2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് എച്ച്.ബി.എക്‌സിന്റെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശനത്തിനെത്തിയത്. 2020-ല്‍ തന്നെ ഈ മിനി-എസ്.യു.വിയുടെ പ്രൊഡക്ഷന്‍ പതിപ്പ് വിപണിയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത് നീണ്ടുപോകുകയായിരുന്നു. ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഉത്സവ സീസണിന്റെ ഭാഗമായി ടാറ്റ മോട്ടോഴ്‌സ് ഈ വാഹനം അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

'ഇത് പ്രദര്‍ശനത്തിന്റെ സമയം, കാത്തിരുന്ന എസ്.യു.വിക്ക് പേരിട്ടിരിക്കുന്നു, വീണ്ടും കാത്തിരിക്കുക', എന്ന തലക്കെട്ടോടെയാണ് ഈ വാഹനത്തിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വാഹനത്തിന്റെ ഹെഡ്‌ലൈറ്റ്, ഡി.ആര്‍.എല്‍, ഫോഗ്‌ലാംപ് എന്നിവയുടെ ഡിസൈനുകള്‍ ഭാഗികമായി വെളിപ്പെടുത്തുന്നതാണ് ടീസര്‍ വീഡിയോ. ഈ വാഹനത്തിന്റെ പരീക്ഷണയോട്ട ദൃശ്യങ്ങള്‍ മുമ്പ് പലതവണ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

പുറത്തുവന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ടാറ്റയുടെ മറ്റ് എസ്.യു.വി. മോഡലുകളായ ഹാരിയര്‍, നെക്‌സോണ്‍ വാഹനങ്ങളുമായി ഡിസൈന്‍ ശൈലി പങ്കിട്ടാണ് ഈ കുഞ്ഞന്‍ എസ്.യു.വിയും എത്തിയിരിക്കുന്നത്. ഹാരിയറില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഡി.ആര്‍.എല്‍, ബമ്പറില്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാംപ് എന്നിവ HBX-ലും നല്‍കുന്നുണ്ട്. ബംപര്‍ നെക്‌സോണിലേതിന് സമാനമായാണ് ഒരുക്കിയിട്ടുള്ളതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

മെക്കാനിക്കല്‍ ഫീച്ചര്‍ സംബന്ധിച്ച സൂചനകള്‍ ടാറ്റ മോട്ടോഴ്‌സ് നല്‍കിയിട്ടില്ല. എന്നിരുന്നാലും പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയമെന്ന് ആദ്യം മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നതാണ്. ടാറ്റയുടെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ റെവോട്രോള്‍ പെട്രോള്‍ എന്‍ജിനായിരിക്കും HBX-ല്‍ നല്‍കുക. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ഓപ്ഷണലായി എ.എം.ടിയും എത്തിയേക്കുമെന്നും സൂചനയുണ്ട്.

Content Highlights: Tata Motors Named Small SUV As HBX; First Teaser Released