മിഡ് സൈസ്ഡ് ഹാച്ച്ബാക്ക് ടിയാഗോ ടാറ്റാ മോട്ടോഴ്‌സ് വിപണിയിലെത്തിച്ചു. 3.35 ലക്ഷം മുതലാണ് ന്യൂഡല്‍ഹി എക്‌സ് ഷോറൂം വില. ടാറ്റയുടെ പഴയ ഇന്‍ഡിക്ക ഇവി2 വിന്റെ വിപണിയിലേക്കാണ് ടിയാഗോ വരുന്നത്. സീക്ക എന്ന പേരാണ് ഈ കാറിന് ടാറ്റ ആദ്യം നിശ്ചയിച്ചിരുന്നത്. ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സീക്ക എന്നപേരില്‍ കാര്‍ അവതരിപ്പിച്ചിരുന്നു.

t1

എന്നാല്‍, സിക വൈറസ് ബാധയ്ക്ക് പിന്നാലെ ടാറ്റ കാറിന്റെ പേരുമാറ്റി ടിയാഗോ എന്ന പുതിയ പേരിട്ടു. ടാറ്റ വികസിപ്പിച്ച പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ടിയാഗോയ്ക്ക് കരുത്ത് പകരും. 85 എച്ച്.പി കരുത്തും 114 എന്‍.എം ടോര്‍ക്കും പകരുന്നതാണ് 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിന്‍. 1.05 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റിവോടോര്‍ക്ക് ഡീസല്‍ എന്‍ജിന്‍ 70 എച്ച്.പി പരമാവധി കരുത്തും 139 എന്‍.എം പരമാവധി ടോര്‍ക്കും നല്‍കും. 

t2

സെഗ്മെന്റില്‍ ആദ്യമായി വിവിധ ഡ്രൈവിങ് മോഡുകളും ടിയാഗോ വാഗ്ദാനം ചെയ്യുന്നു. ഫൈവ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. പെട്രോള്‍ വേരിയന്റ് 23.84 കിലോമീറ്ററും ഡീസല്‍ വേരിയന്റ്  27.28 കിലോമീറ്റര്‍ മൈലേജും നല്‍കും. മികച്ച സ്ഥലസൗകര്യവും സ്‌റ്റോറേജ് സൗകര്യവും 240 ലിറ്റര്‍ ബൂട്ടുമാണ് ടിയാഗോ വാഗ്ദാനം ചെയ്യുന്നതെന്ന് ടാറ്റ അവകാശപ്പെടുന്നു. 

t3

അഞ്ച് വേരിയന്റുകള്‍ വിപണിയിലെത്തും. എയര്‍ബാഗുകള്‍, കൂള്‍ഡ് ഗ്ലൗ ബോക്‌സ്, മികച്ച ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, യു.എസ്.ബി/ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ സവിശേഷതകളാണ് ഉയര്‍ന്ന വേരിയന്റായ എക്‌സ്.സഡ്ഡിലുള്ളത്. മാരുതി സെലേറിയോ, ഹ്യുണ്ടായ് ഐ 10 തുടങ്ങിയ ജനപ്രിയ ഹാച്ച്ബാക്കുകളുടെ വിപണിയിലേക്കാണ് ടാറ്റാ ടിയാഗോ വരുന്നത്.

വിവിധ വേരിയന്റുകളുടെ കോഴിക്കോട് എക്‌സ്‌ഷോറൂം വില

റിവോട്രോണ്‍ പെട്രോള്‍

എക്‌സ്.ബി :  335,979
എക്‌സ്.ഇ :  376,181
എക്‌സ്.എം : 406,832
എക്‌സ്.ടി : 437,372
എക്‌സ്.സഡ്: 493,697

t4

റിവോടോര്‍ക് ഡീസല്‍

എക്‌സ്.ബി : 412,023
എക്‌സ്.ഇ: 447,645
എക്‌സ്.എം: 488,302
എക്‌സ്.ടി: 518,848
എക്‌സ്.സഡ്: 574,184