ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിരത്തുകളില്‍ എത്തിച്ചിട്ടുള്ള എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെ അര്‍ബന്‍ ടഫ്‌ റോഡര്‍ പതിപ്പ് എന്‍.ആര്‍.ജി. വിപണിയില്‍ അവതരിപ്പിച്ചു. ടിയാഗോയുടെ ഉയര്‍ന്ന വകഭേദത്തെ അടിസ്ഥാനമാക്കി ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനില്‍ എത്തിച്ചിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 6.57, 7.09 ലക്ഷം രൂപയാണ്‌ എക്‌സ്‌ഷോറും വില. 

ടിയാഗോയില്‍നിന്ന് വ്യത്യസ്തമായി റഫ് ലുക്ക് നല്‍കിയാണ് എന്‍.ആര്‍.ജി. വിപണിയില്‍ എത്തിയിട്ടുള്ളത്. ഡിസൈനിലും മറ്റും ടിയാഗോയുടെ ശൈലിയാണ് പിന്തുടര്‍ന്നിട്ടുള്ളതെങ്കിലും കൂടുതലായി നല്‍കിയിട്ടുള്ള ഫീച്ചറുകള്‍ ഈ വാഹനത്തെ റെഗുവര്‍ മോഡലില്‍നിന്ന് വേറിട്ടതാക്കുന്നുണ്ട്. ഫീച്ചറുകളിലും ഈ വാഹനം മറ്റ് എതിരാളികളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നതാണ് പ്രത്യേകത.

കാഴ്ചയില്‍ ഏറ്റവും ഒടുവില്‍ വിപണിയില്‍ എത്തിയ ടിയാഗോയ്ക്ക്‌ സമാനമാണ് എന്‍.ആര്‍.ജിയും. അതേസമയം, മസ്‌കുലര്‍ ഭാവമുള്ള ബ്ലാക്ക് ബോഡി ക്ലാഡിങ്ങ്, ബ്ലാക്ക് ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള റൂഫ്, റൂഫ് റെയിലുകള്‍, സില്‍വര്‍ ഫിനീഷിങ്ങ് സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബമ്പര്‍, എന്‍.ആര്‍.ജി. ബാഡ്ജിങ്ങ് എന്നിവ ഈ വാഹനത്തെ വേറിട്ടതാക്കുന്നു. 15 ഇഞ്ച് വലിപ്പമുള്ള സ്റ്റീല്‍ വീലാണ് ഇതിലുള്ളത്. 

അകത്തളത്തിനും സ്‌പോര്‍ട്ടി ഭാവമാണ് നല്‍കിയിട്ടുള്ളത്. ചാര്‍കോള്‍ ബ്ലാക്ക് നിറത്തിലാണ് ഇന്റീരിയര്‍ അലങ്കരിച്ചിട്ടുള്ളത്. ഡെക്കോ സ്റ്റിച്ചിങ്ങുകള്‍ നല്‍കിയുള്ള ഫാബ്രിക്ക് സീറ്റുകള്‍, മെറ്റാലിക് സില്‍വര്‍ ഫിനീഷിങ്ങിലുള്ള എയര്‍വെന്റ് എന്നിവ സ്‌പോര്‍ട്ടി ഭാവത്തിന് മാറ്റ് കൂട്ടുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സാങ്കേതിക തികവ് അടിവരയിടുന്നു.

പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ വിത്ത് കീലെസ് എന്‍ട്രി, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, റിയര്‍ പാര്‍ക്കിങ്ങ് ക്യാമറ വിത്ത് ഡൈനാമിക് ഗൈഡ്‌ലൈന്‍സ്, വെല്‍ക്കം സംവിധാനങ്ങളുള്ള ഓട്ടോ ഫോള്‍ഡ് റിയര്‍വ്യൂ മിറര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തിന്റെ ഹൈലൈറ്റാണ്. അകത്തളത്തിലെ മറ്റ് ഫീച്ചറുകളും പുറംമോടിയിലെ ഏതാനും ഘടകങ്ങളും റെഗുലര്‍ ടിയാഗോയില്‍ നിന്ന് കടംകൊണ്ടതാണ്.

മെക്കാനിക്കല്‍ ഫീച്ചറുകളും ടിയാഗോയുമായി പങ്കിട്ടാണ് എന്‍.ആര്‍.ജി. എത്തിയിട്ടുള്ളത്. 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് എന്‍.ആര്‍.ജിയുടെ ഹൃദയം. ഇത് 86 ബി.എച്ച്.പി. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എ.എം.ടി. എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷനുകള്‍. 181 എം.എം. എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഇതില്‍ നല്‍കുന്നുണ്ട്.

Content Highlights: Tata Motors Launch NRG Edition Of Tiago Hatchback