ടാറ്റ മോട്ടോഴ്‌സിന്റെ എന്‍ട്രി ലെവല്‍ വാഹനമായ ടിയാഗോയുടെ നിര വീണ്ടും വലുതാകുന്നു. XTO എന്ന പുതിയ വേരിയന്റ് അവതരിപ്പിച്ചാണ് ടിയാഗോ നിര വികസിപ്പിച്ചിട്ടുള്ളത്. 5.47 ലക്ഷം രൂപ എക്‌സ്‌ഷോറും വിലയുള്ള ഈ XTO-യുടെ സ്ഥാനം അടിസ്ഥാന വേരിയന്റായ XE-യുടെയും അതിന് മുകളിലെ പതിപ്പായ XT-യുടെയും ഇടയിലായിരിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്. XE വേരിയന്റിനെക്കാള്‍ 48,000 രൂപ അധികവും XT-യെക്കാള്‍ 15,000 രൂപ കുറവുമാണ് പുതിയ പതിപ്പിന്റെ വില. 

1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനിലുമാണ് ഈ വേരിയന്റ് എത്തുന്നത്. ടിയാഗോയുടെ മറ്റ് വേരിയന്റുകളില്‍ നല്‍കുന്ന ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഈ പതിപ്പില്‍ നല്‍കില്ല. ടിയാഗോയുടെ മറ്റ് വേരിയന്റുകള്‍ക്ക് സമാനമായി 1199 സി.സി. മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ 84.4 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ടിയാഗോ XTO വേരിയന്റും ഉത്പാദിപ്പിക്കുന്നത്.  ഇന്ധനക്ഷമതയും മറ്റ് വേരിയന്റുകള്‍ക്ക് സമാനമാണ്.

ടിയാഗോയുടെ അടിസ്ഥാന വേരിയന്റില്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഫീച്ചറുകളും XTO പതിപ്പില്‍ നല്‍കിയേക്കുമെന്നാണ് വിവരം. നാല് സ്പീക്കറുള്ള ഓഡിയോ സിസ്റ്റം, സ്റ്റിയറിങ്ങ് മൗണ്ടഡ് ഓഡിയോ ഫോണ്‍ കണ്‍ട്രോള്‍ സ്വിച്ച് എന്നിവ ഇതില്‍ നല്‍കുന്നുണ്ട്. അതേസമയം, ഉയര്‍ന്ന പതിപ്പുകളിലുള്ള ബ്ലൂടൂത്ത് കണക്ടിവിറ്റി, ഹര്‍മന്‍ മ്യൂസിക് സിസ്റ്റം, സ്പീഡ് ഡിപ്പന്‍ഡെന്റ് വോളിയം കണ്‍ട്രോള്‍, യുഎസ്.ബി, എഫ്.എം, എ.എം. തുടങ്ങിയ ഫീച്ചറുകള്‍ ഈ വേരിയന്റില്‍ നല്‍കിയിട്ടില്ല.

അതേസമയം, അടിസ്ഥാന വേരിയന്റ് ആയ XE-യില്‍ നല്‍കുന്ന ഫീച്ചറുകള്‍ക്കൊപ്പം അല്‍പ്പം കൂടി സൗകര്യങ്ങളും ഇതില്‍ നല്‍കുന്നുണ്ട്. ബോഡി കളര്‍ ബമ്പര്‍, 14 ഇഞ്ച് വലിപ്പമുള്ള സ്റ്റീല്‍ റിം, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍ തീം, 2.5 ഇഞ്ച് വലിപ്പമുള്ള എം.ഐ.ഡി. ടാക്കോമീറ്റര്‍, ടില്‍റ്റ് അഡ്ജസ്റ്റം സംവിധാനമുള്ള പവര്‍ സ്റ്റിയറിങ്ങ്, മള്‍ട്ടി ഡ്രൈവ് മോഡുകുള്‍, അഡ്ജസ്റ്റബിള്‍ മുന്നിലെ സീറ്റും പിന്‍ സീറ്റുകളില്‍ നല്‍കിയിട്ടുള്ള ഹെഡ്‌റെസ്റ്റുമാണ് ഇതിലെ ഫീച്ചറുകള്‍. 

എ.ബി.എസ്, ഇ.ബി.ഡി, റിയര്‍ പാര്‍ക്കിങ്ങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട്, ഡ്യുവല്‍ എയര്‍ബാഗ് തുടങ്ങിയ സുരക്ഷ ഫീച്ചറുകള്‍ ഈ XTO വേരിയന്റില്‍ നല്‍കുന്നുണ്ട്. ആറ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകളും നാല് ഓട്ടോമാറ്റിക് മോഡലുകളുമാണ് ടിയാഗോയുടെ നിരയിലുള്ളത്. മാനുവല്‍ മോഡലുകള്‍ക്ക് 4.99 ലക്ഷം രൂപ മുതല്‍ 6.43 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 6.14 ലക്ഷം രൂപ മുതല്‍ 6.54 ലക്ഷം രൂപ വരെയാണ് ഈ വാഹനങ്ങളുടെ എക്‌സ്‌ഷോറും വില.

Content Highlights: Tata Motors Launch New Tiago XTO Variant